പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഒരുവര്‍ഷം പിന്നിടുമ്പോഴും ഒഴിയാത്ത ജന പ്രവാഹം.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച 11-ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷനാകും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്വാമി മോക്ഷവ്രതാനന്ദ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ശശി തരൂർ എം.പി., പെരുമ്പടവം ശ്രീധരൻ തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തും.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരമവാർഷികാചരണം വ്യാഴാഴ്ച മൂന്നിന് കോട്ടയം മാമ്മൻമാപ്പിള സ്‌മാരക നഗരസഭാ ഹാളിൽ നടക്കും. അനുസ്‌മരണ സമ്മേളനം എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷനാകും.
ഉമ്മന്‍ചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവര്‍ഷം പിന്നിടുന്നു. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഉമ്മന്‍ചാണ്ടി ഇപ്പോഴും നികത്താന്‍ ആകാത്ത വിടവായി നിലകൊള്ളുകയാണ്.
രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടന്നെങ്കിലും നിത്യശാന്തതയുടെ ഇടമായി ഈ കല്ലറ മാറി. എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവര്‍ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയില്‍ ഒരു നിവേദനം വെച്ച ശേഷമാണ് എംഎല്‍എയും ഉമ്മന്‍ചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്.
അതേസമയം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്. ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിവസമായ ഇന്ന് രാവിലെ എട്ട് മണിക്ക് വാര്‍ഡു കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ കേരളം : സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ്, ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഒരുവര്‍ഷം പിന്നിടുമ്പോഴും ഒഴിയാത്ത ജന പ്രവാഹമാണ്.