Breaking news
4 Oct 2024, Fri

വാഹന അപകട ഇൻഷുറൻസ് ക്ലെയിം നിരസിച്ചു, ഇൻഷുറൻസ് കമ്പനി 6.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

കൊച്ചി : അപകടത്തിൽപ്പെട്ട് ടോട്ടൽ ലോസായ കാറിന് സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഇൻഷുറൻസ് തുക നിരസിക്കുന്ന കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

എറണാകുളം കലൂർ സ്വദേശി കാജാ മൊയ്‌നുദ്ധീൻ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നഷ്ടപരിഹാരം അനുവദിച്ചത്.

ഹോണ്ട സിവിക് കാറിന്റെ ഉടമസ്ഥനായ പരാതിക്കാരൻ, ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴി വൈറ്റില പാലത്തിന് സമീപം വെച്ച് കാർ അപകടത്തിൽപ്പെട്ടു. ഇൻഷുറൻസ് പരിരക്ഷ ഉള്ള കാലയളവിൽ തന്നെയാണ് ഈ അപകടം സംഭവിച്ചത്.

വണ്ടി ടോട്ടൽ ലോസായി. കോവിഡ് കാലത്താണ് ഇത് സംഭവിച്ചത്. സർവേയർ റിപ്പോർട്ട് പരാതിക്കാരന് അനുകൂലമായിരുന്നു. ഇൻഷുറൻസ് കമ്പനി പലതരത്തിലുള്ള അന്വേഷണങ്ങൾ നടത്തി. പല വിവരങ്ങളും പരാതിക്കാരനോട് ആവശ്യപ്പെട്ടു. കുമ്പളം ട്രോൾ ബൂത്തിന്റെ റെസിപ്റ് ഹാജരാക്കാനാണ് അതിലൊന്ന്. അപകടം ഇൻഷുറൻസ് കമ്പനിയെ അറിയിക്കാൻ 9 ദിവസവും പോലീസ് സ്റ്റേഷനിൽ വിവരം നൽകാൻ ആറു ദിവസവും എടുത്തു എന്നതാണ് മറ്റൊരു കാരണം . യഥാസമയം അപകട വിവരം അറിയിക്കാതിരിക്കുന്നത് സംശയാസ്പദമാണെന്നും അപകടത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നൽകിയതെന്നും ഉള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കമ്പനി ക്ലെയിം നിരസിച്ചത്. ഈ നടപടിയാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയിൽ ചോദ്യംചെയ്ത്.

“സുരക്ഷിതത്വബോധവും മനസമാധാനവും ആവശ്യഘട്ടങളിൽ ലഭിക്കുവാനാണ് ആളുകൾ ഇൻഷുറൻസ് പോളിസി എടുക്കുന്നത്. എന്നാൽ തികച്ചും സാങ്കേതികമായ കാര്യങ്ങൾ പറഞ്ഞ് തുക നിരസിക്കുന്നത് ഉപഭോക്താക്കളെ ഹതാശയരാക്കുന്നു. ഈ ഘട്ടത്തിൽ ഇവരനുഭവിക്കുന്ന മന:ക്ലേശം വാക്കുകൾക്ക് അതീതമാണ്. ഈ അനീതിക്ക് മുന്നിൽ കോടതിക്ക് കാഴ്ചക്കാരാകാൻ കഴിയില്ലെന്ന് ഡി. ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

6,26,889/- രൂപ ഇൻഷൂറൻസ് തുക ഇനത്തിൽ കമ്പനി പരാതിക്കാരന് നൽകണം. കൂടാതെ, 40,000/- രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി എതിർകക്ഷിക്ക് നിർദേശം നൽകി.

പരാതിക്കാരന് വേണ്ടി അഡ്വ. ജോളി ജോൺ ഹാജരായി.