ന്യൂഡല്‍ഹി: പ്രക്ഷോഭത്തെത്തുടർന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന എന്ന് രാജ്യംവിടും എന്നതില്‍ അനിശ്ചിതത്വം. വ്യക്തതയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന. ഹസീനയുടെ അടുത്ത നീക്കം എന്താണെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പുതിയ വിവരങ്ങളൊന്നും നല്‍കാനില്ല എന്നായിരുന്നു മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ പ്രതികരണം.
അവിടുത്തെ സാഹചര്യങ്ങൾ മാറിമറയുകയാണ്. ഇടക്കാല സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരത്തിലേറും. ബംഗ്ലാദേശിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നത്. അവിടുത്തെ, ന്യൂനപക്ഷങ്ങളുടെ സ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യു.കെ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. പശ്ചിമ ഏഷ്യയിലേയും ബംഗ്ലാദേശിലേയും കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. എന്നാൽ, ഹസീനയുടെ അടുത്ത നടപടിയെക്കുറിച്ച് ഇന്ത്യക്കോ യു.കെയ്ക്കോ നിലവിൽ വിവരങ്ങളൊന്നുമില്ല. തത്ക്കാലത്തേക്ക് മാത്രമാണ് ഹസീന ഇന്ത്യയിലേക്ക് വരാനുള്ള അനുമതി തേടിയതെന്ന് എസ്. ജയ്ശങ്കർ നേരത്തെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ, താത്കാലിക അഭയം തേടുന്നതിന് ഇമിഗ്രേഷൻനിയമം അനുവദിക്കുന്നില്ലെന്നും അഭയം തേടുന്ന വ്യക്തികൾ അവർ ആദ്യമെത്തുന്ന സുരക്ഷിതരാജ്യത്ത് തുടരണമെന്നും ബ്രിട്ടൻ നയം വ്യക്തമാക്കിയിരുന്നു.