സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിര്‍ണയത്തിനുള്ള സ്‌ക്രീനിങ് രണ്ടാംഘട്ടത്തില്‍. മമ്മൂട്ടിയുടെ കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിന്റെ ആടുജീവിതം എന്നിവ പുരസ്‌കാര നിര്‍ണയത്തില്‍ രണ്ടാംഘട്ടത്തില്‍ എത്തിയിട്ടുണ്ട്. ഉര്‍വശിയുടെ ഉള്ളൊഴുക്കും മത്സരിക്കുന്നു. കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഇത്തവണയും മമ്മൂട്ടിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത.
ഉര്‍വ്വശിക്ക് കടുത്ത വെല്ലുവിളിയുണ്ടാകില്ലെന്നാണ് സൂചന. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ നേടാന്‍ ഉര്‍വശിക്ക് കഴിഞ്ഞാല്‍ അത് കരിയറിലെ ആറാം പുരസ്‌കാരമാകും. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയിണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്‌കാരം ലഭിച്ചത്.
ആദ്യഘട്ടത്തില്‍ നൂറ്ററുപതിലേറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച നിരവധി ചിത്രങ്ങള്‍ ഇത്തവണ പുരസ്‌കാര നിര്‍ണയത്തിനുള്ള എന്‍ട്രിയില്‍ എത്തിയിരുന്നു. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായാണ് സ്‌ക്രീനിങ് പുരോഗമിക്കുന്നത്. ഈ മാസം അവസാനം അവാര്‍ഡ് പ്രഖ്യാപനമുണ്ടാകും.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരത്തില്‍ മമ്മൂട്ടി അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടിയും ഋഷഭ് ഷെട്ടിയുമാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നന്‍പകല്‍ നേരത്തെ മയക്കം, റോഷാക്ക് എന്നീ സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. കാന്താരയിലെ മത്സരത്തിനാണ് ഋഷഭ് ഷെട്ടിയെ പരിഗണിക്കുന്നത്. പുരസ്‌കാര പ്രഖ്യാപനം ഈ മാസം ഉണ്ടാകും. 2022ലെ ചിത്രങ്ങളുടെ പുരസ്‌കാരമാണ് ദേശീയ തലത്തില്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുന്നത്.
പ്രേക്ഷകര്‍ 2022-ല്‍ ഏറ്റെടുത്ത മമ്മൂട്ടി ചിത്രങ്ങളായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നിവ. മമ്മൂട്ടി എന്ന നടന്റെ പെര്‍ഫോമന്‍സ് ലെവലിനെ മറ്റൊരു തലത്തിലെത്തിച്ച ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. രണ്ട് അന്തരത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ തന്റെ ഭാവാഭിനയത്തിലൂടെയും ശരീര ഭാഷയിലൂടെയും മമ്മൂട്ടി പ്രതിഫലിപ്പിക്കുകയായിരുന്നു.
2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ കാന്താര പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതുവരെ കാണാത്ത ഋഷഭ് ഷെട്ടിയുടെ പ്രകടനം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബഹുമതിയും കാന്താര നേടിയിരുന്നു. സിനിമയ്ക്ക് എത്രത്തോളം സ്വീകാര്യത കിട്ടിയെന്നതിന്റെ ഉദാഹരണമാണിത്.
ഇതുവരെ കാണാത്ത മമ്മൂട്ടിയെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ പ്രേക്ഷകര്‍ കണ്ടത്. രണ്ട് സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ തന്റെ ഭാവാഭിനയത്തിലൂടെ മമ്മൂട്ടി അനശ്വരമാക്കിയിരുന്നു. കാന്താരയിലെ തീര്‍ത്തും വേറിട്ട ഋഷഭ് ഷെട്ടിയുടെ അഭിനയം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.