ന്യൂഡൽഹി: ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തൽ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്. ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൂചന നൽകിയിരിക്കുകയാണ് ഹിൻഡൻബർഗ്. ഒറ്റവരി കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്.
2023 ജനുവരിയിൽ അദാനി എൻ്റർപ്രൈസസിനെതിരെ രൂക്ഷ വിമർശനവുമായി ഹിൻഡൻബർഗ് രംഗത്തെത്തിയിരുന്നു. ഇതോടെ അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വൻതോതിൽ മൂല്യത്തകർച്ച നേരിട്ടു. അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ഹിൻഡെൻബർഗിന്റെ ആരോപണം. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്‌നങ്ങളുടെ സൂചനയാണ്. വിപണിയിൽ വലിയ രീതിയിൽ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമം നടത്തുന്നതെന്നായിരുന്നു ആരോപണം. 129 പേജുള്ള റിപ്പോർട്ട് തങ്ങളുടെ രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നും ഹിൻഡെൻബർഗ് അവകാശപ്പെട്ടു.