ആലപ്പുഴ: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ അമിത ജോലി ഭാരവും സമ്മര്‍ദ്ദവും പൊലീസുകാരുടെ ആത്മഹത്യയുമടക്കം ചര്‍ച്ചയാകുന്നതിനിടെ നിസാര കുറ്റങ്ങളെ വലുതാക്കി ചിത്രീകരിച്ച് അച്ചടക്കലംഘനവും കൃത്യവിലോപവും ചുമത്തി ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായി ആക്ഷേപം. അയല്‍വാസികള്‍ തമ്മില്‍ ഉണ്ടായ പ്രശ്‌നത്തില്‍ എസ് ഐക്കെതിരെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും റിട്ടയറാവാറായ ഒരു ഗ്രേഡ് എസ് ഐയെ നോട്ട് ബുക്കില്‍ തീയതി എഴുതിയത് തെറ്റിയെന്ന പേരില്‍ പിരിച്ചുവിടാനുള്ള നീക്കവുമടക്കം ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം.
പരാതിക്കാരി നിയമനടപടികള്‍ക്ക് താല്പര്യം ഇല്ലെന്ന് അറിയിച്ചിട്ടും അയല്‍വാസികള്‍ തമ്മില്‍ ഉണ്ടായ പ്രശ്‌നത്തില്‍ എസ് ഐയായ ബജിത്ത് ലാലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണത്തില്‍ ഉന്നയിക്കപ്പെട്ട കുറ്റാരോപണങ്ങള്‍ അന്വേഷണത്തില്‍ തെളിയുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും പത്രമാധ്യമങ്ങളിലൂടെ പൊലീസിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയിട്ടുള്ളതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബജിത്ത് ലാലിന് സര്‍വീസില്‍ നിന്നും നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനാണ് തീരുമാനം. കാരണം കാണിക്കല്‍ നോട്ടീസിന് പതിനഞ്ച് ദിവസങ്ങള്‍ക്കകം രേഖാമൂലം സമര്‍പ്പിക്കണമെന്നും ഡിഐജി പുട്ട വിമലാദിത്യ ഐപിഎസ് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി നോട്ട് ബുക്കില്‍ ഡേറ്റ് എഴുതിയത് തെറ്റിപ്പോയെന്ന പേരിലാണ് ഗ്രേഡ് എസ് ഐ പി പ്രദീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്‌പെന്‍ഷനില്‍ ഒതുക്കാതെ പിരിച്ചുവിടാനും നീക്കം നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നോട്ട്ബുക്കില്‍ അതാത് ദിവസത്തെ ഡ്യൂട്ടി വിവരങ്ങളും തീയതികളും കൃത്യമായി രേഖപ്പെടുത്താതെയും നോട്ട്ബുക്ക് ഇഷ്യൂ ചെയ്ത തീയതി എഴുതാതെയും നോട്ട് ബുക്കില്‍ തെറ്റായ തീയതിയും മാസവും രേഖപ്പെടുത്തിയും കൈകാര്യം ചെയ്തുവെന്ന പേരിലാണ് നടപടി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാകയാല്‍ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുന്നുവെന്നാണ് നോട്ടീസില്‍ പറയുന്നത്.