Breaking news
7 Oct 2024, Mon

നേരത്തെ തീരുമാനിച്ചതിലും കൂടുതൽ സമയം വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ ചെലവഴിച്ച് പ്രധാനമന്ത്രി. നിശ്ചയിച്ചതിലും അരമണിക്കൂർ മുമ്പേ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പുകളും ദുരന്തബാധിത പ്രദേശങ്ങളും വിശദമായി സന്ദർശിച്ച് നിശ്ചയിച്ചതിലും രണ്ടുമണിക്കൂർ വൈകിയാണ് ഡൽഹിയിലേക്ക് തിരിച്ചത്. 

കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി, കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും പറഞ്ഞു. നിരവധി കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത ദുരന്തത്തിലെ അതിജീവിതര്‍ക്കൊപ്പമാണ് എല്ലാവരുടെയും പ്രാര്‍ഥന. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നല്‍കും. 

ഒരുപാട് കുടുംബങ്ങളുടെ സ്വപ്നമാണ് തകർന്നത്. അവരുടെ പുനരധിവാസം പ്രധാനമാണ്. ദുരന്തത്തെ നമുക്ക് തടയാനാകില്ല. എന്നാൽ ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്. സംസ്ഥാന സർക്കാരിന്റെ നിവേദനം ലഭിച്ചാൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും. പുനരധിവാസത്തിന് പണം തടസ്സമാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ 11.47ഓടെ വയനാട്ടിലെത്തി. ശേഷം ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. ദുരന്തബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് വീക്ഷിച്ച പ്രധാനമന്ത്രി കല്‍പ്പറ്റയിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയോടൊപ്പം ഹെലികോപ്റ്ററില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം, പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് 12.15 ഓടെ പ്രധാനമന്ത്രി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റർ ഇറങ്ങി. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപിഎന്നിവർക്ക് പുറമെ മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു, ടി സിദ്ദീഖ് എംഎല്‍എ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ശേഷം റോഡ് മാർഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയിലേക്കെത്തി. ഏറെ നേരം ദുരന്തമുണ്ടായ സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പം നടന്നുകണ്ട അദ്ദേഹം, ചീഫ് സെക്രട്ടറി ഡോ. വി വേണു, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിജിപി എം ആര്‍ അജിത്കുമാര്‍ എന്നിവരിൽ നിന്നും ദുരന്തത്തിന്റെ വ്യാപ്തി ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ നിലനിന്ന സ്ഥലവും ബെയ്‌ലി പാലവും സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനികരുമായും സംസാരിച്ചു.

ശേഷം മേപ്പാടി സെന്റ് ജോസഫ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്തബാധിതരെ നേരിട്ട് കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അവിടെനിന്നും ദുരന്തത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി മേപ്പാടി വിംസ് ആശുപത്രിയിലെത്തി. പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവരുടെ പ്രതിനിധികളായ നാലുപേരെ നേരിൽ കണ്ട സംസാരിക്കുകയും ചെയ്തു.

വൈകിട്ട് നാലിനു പ്രധാനമന്ത്രി കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്തു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഡോ. ശെയ്ഖ് ദര്‍വേശ് സാഹെബ്, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിജിപി എം ആര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.