Breaking
18 Sep 2024, Wed

വയറുവേദനയ്ക്ക് ചികിത്സതേടി, പുറത്തറിഞ്ഞത് പ്രസവം; കുഞ്ഞിനെ കുഴിച്ചിട്ടത് കാമുകന്റെ വീടിനടുത്ത്

ആലപ്പുഴ: തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മയായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫിന്റെ വീടിന് സമീപത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ പാടശേഖരത്തായിരുന്നു ഇയാള്‍ കുഞ്ഞിനെ കുഴിച്ചിട്ടത്.

അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ വീട്ടില്‍ പ്രസവിച്ചതിന് ശേഷം മരണപ്പെട്ടതാണോ എന്നതില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരുകയുള്ളൂ. യുവതിയെയും കാമുകനായ തോമസ് ജോസഫിനെയും വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. 

പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാമുകന്റെ നാടായ തകഴിയില്‍ കുഴിച്ചുമൂടിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24), ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഓഗസ്റ്റ് ഏഴാം തീയതി പുലര്‍ച്ചെ ഒന്നരയോടെയാണ് പൂച്ചാക്കലിലെ വീട്ടില്‍വെച്ച് 22-കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. ഓഗസ്റ്റ് പത്താം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വയറുവേദനയെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാല്‍, പരിശോധനയില്‍ യുവതിയുടെ പ്രസവം നടന്നതായി ഡോക്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടു. 

പ്രസവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയെന്നും ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു യുവതിയുടെ മൊഴി. ഇതോടെ ഡോക്ടറാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി. യുവതിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കാമുകനെക്കുറിച്ച് വെളിപ്പെടുത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തരയോടെ കാമുകനെ കസ്റ്റഡിയിലെടുത്തതോടെയാണ് കുഞ്ഞിനെ കുഴിച്ചുമൂടിയെന്ന വിവരം ലഭിച്ചത്.