Breaking news
8 Oct 2024, Tue

‘തെരഞ്ഞെടുപ്പിൽ ജയിച്ചത് ഞാനല്ല, മണിപ്പൂരിലെ മനുഷ്യരാണ്’: ഡോ. അംഗോംച ബിമൊൽ അകൊയ്ജം, മണിപ്പൂർ MP

കൊച്ചി: മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമസാക്തമായിരുന്ന തെരഞ്ഞെടുപ്പിൽ ഞാനല്ല, മണിപ്പൂരിലെ മനുഷ്യരാണ് ജയിച്ചതെന്ന് മണിപ്പൂർ എംപി ഡോ. അംഗോംച ബിമൊൽ അകൊയ്ജം. സബർമതി പഠനഗവേഷണകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘മണിപ്പൂർ മനസ്സറിയാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ വിഭജന രാഷ്ട്രീയമാണ് അവർ തകർത്തത്. കോളനി ഭരണത്തിനെതിരെ ജാതിമത സാംസ്കാരിക ചിന്തകൾക്കതീതമായി ജനങ്ങളെ കൂട്ടിച്ചേർത്തു നിർത്താൻ കോൺഗ്രസ്സിന് കഴിഞ്ഞതുപോലെയാണ് ആർഎസ്എസ്സിന്റെ വിഭജന രാഷ്ട്രീയത്തെ മണിപ്പൂർ ജനത തോല്പിച്ചത്. ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാൻ കോൺഗ്രസ്സിന് മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവിലാണ് കലാ സാംസ്കാരിക അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഞാനും കോൺഗ്രസ്സിൽ ചേർന്നത്.

ഒരു ജനതയേയും സംസ്കാരിക വൈവിദ്ധ്യങ്ങളേയും ചരിത്രത്തിൽ നിന്ന് തമസ്കരിക്കുന്നതാണ് അവിടത്തെ പ്രധാന പ്രശ്നം. അങ്ങനെ
അദൃശ്യവത്കരിക്കപ്പെടുന്നവർ ക്ക് ചെറുത്തു നിൽക്കേണ്ടി വരുമ്പോൾ മണിപ്പൂരുകൾ രാജ്യത്താകമാനം ഇനിയും ആവർത്തിക്കപ്പെടും. അവരോട് സംവദിക്കുകയും അവരോട് അനുഭാവപൂർവ്വം നിലപാട് സ്വീകരിക്കുകയുമാണ് ഏക പരിഹാരം. ഉക്രെയിനിൽ വരെ പോയ മോദിക്ക് നിർഭാഗ്യവശാൽ മണിപ്പൂരിൽ സന്ദർശിക്കാൻ ഇതുവരെയും സമയമായില്ല.

കലാപത്തിനുള്ള മൗനാനുവാദവും കലാപ സമയത്തെ ഈ രാജ്യസേവകന്റെ മഹാമൗനവും സംഘപരിവാറിന്റെ മൻ കി ബാത്താണ് ഇതിനെല്ലാം പുറകിലെന്ന് തെളിയിക്കുന്നതാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ മിണ്ടാൻ അനുവദിക്കാത്ത മോദി ഇവിടത്തെ മനുഷ്യരോട് മിണ്ടാതെ അയൽരാജ്യങ്ങളെ ആശ്വസിപ്പിക്കുന്ന കാഴ്ച വികൃത തമാശയാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേട്ട റേഡിയോകൾ മണിപ്പൂരിലെ ആളുകൾ തെരുവിൽ തല്ലി തകർത്തത്. താരതമ്യം പോലും സാധ്യമാകാത്ത തരത്തിൽ മണിപ്പൂരിൽ നടന്ന കാര്യങ്ങൾ നാളെ ഇന്ത്യയിൽ എവിടെയും നടക്കാം. നിരപരാധികളും നിഷ്കളങ്കരുമായ മനുഷ്യർ ജാതി മത വ്യത്യാസമില്ലാതെ ദുരിതനുഭവിക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്നു.കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന സംഘപരിവാറിന്റെ ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഇരട്ടമുഖ നയങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായിരുന്ന പരിപാടി ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഫാ. അഗസ്റ്റിൻ വട്ടോളി, സംവിധായകൻ ജോഷി ജോസഫ്, ഡോ. ടി എസ് ജോയി, ഡൊമിനിക് പ്രസന്റേഷൻ ,
അഡ്വ. കെ വി സജീവൻ, ഷൈജു കേളന്തറ, ഡോ. ജിന്റോ ജോൺ എന്നിവർ സംസാരിച്ചു.