മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) വിടവാങ്ങി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം നിലവിൽ സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ച് വരികയായിരുന്നു.
2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1953 ജനുവരി 15ന് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി ജനിച്ചു. വായനയും എഴുത്തും ജീവിത സപര്യയാക്കിയ അദ്ദേഹം മുസ്ലിംലീഗിന്റെ ധൈഷണിക മുഖമായിരുന്നു. രണ്ട് തവണ താനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്ലിംലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ദീർഘകാലമായി താനൂർ വടക്കേപ്പള്ളി മഹല്ല് പ്രസിഡന്റാണ്. തിരൂർ എസ്.എസ്.എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായിരുന്നു. ഭാര്യ ജഹനാര. മക്കൾ: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്. മരുമക്കൾ: ഷിബു കെ.പി, റജി, മലീഹ.
കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം
സംശുദ്ധ രാഷ്ട്രീയത്തിൻ്റ വക്താവായ ആദർശ ശുദ്ധിയുള്ള നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. മുസ്ലിം ലീഗിൻ്റെ താഴെ തട്ടിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി പടിപടിയായി ഉയർന്നു വന്ന നേതാവ്. പ്രാദേശിക തലത്തിൽ വ്യക്തിപരവും രാഷ്ട്രീയവുമായ ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നത് കൊണ്ട് പ്രവർത്തകരുടെ വികാരങ്ങൾ അതേ അർഥത്തിൽ മനസിലാക്കിയ നേതാവ് കൂടിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി.
നിയമസഭയിൽ കാര്യമാത്ര പ്രസക്തമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനായ കുട്ടി അഹമ്മദ് കുട്ടി മികച്ച ഭരണാധികാരി കൂടിയായിരുന്നു. വിദ്യാഭ്യാസ, മത്സ്യബന്ധന മേഖലകളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിൽ അറിവുണ്ടായിരുന്നു. മലപ്പുറത്തിൻ്റെ ഗ്രാമീണ മേഖലയിൽ അടിസ്ഥാന വർഗത്തിൻ്റെ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ട കുട്ടി അഹമ്മദ് കുട്ടി തൊഴിലാളി സംഘടനാ നേതൃത്വത്തിൽ അസാധാരണ മികവ് കാട്ടിയ നേതാവ് കൂടിയാണ്.
വ്യക്തിപരമായി എനിക്ക് അടുത്ത സുഹൃത്തിനെ കൂടിയാണ് നഷ്ടമായത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്ക്ചേരുന്നു.