Breaking news
8 Oct 2024, Tue

ഒരിക്കലും വിരമിക്കാത്ത ചീഫ് സെക്രട്ടറിമാർ; വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് പുതിയ കസേര ഓഫർ ചെയ്ത് പിണറായി

ചീഫ് സെക്രട്ടറി എന്നാൽ ഒരിക്കലും വിരമിക്കാത്ത ഉദ്യോഗസ്ഥനോ? വിരമിക്കുന്നതിന്റെ അടുത്ത ദിവസം പിണറായി ഉന്നത പദവി നൽകും. ശമ്പളവും പെൻഷനും നൽകും. ഏകദേശം 6 ലക്ഷം രൂപ മാസം വരുമാനം ഉറപ്പാക്കും.. പക്ഷേ, ഒറ്റ കണ്ടീഷൻ മാത്രം, ചീഫ് സെക്രട്ടറി കസേരയിൽ ഇരിക്കുന്ന ആൾ മുഖ്യമന്ത്രിയുടെ വിനീത വിധേയ ദാസൻ ആകണമെന്ന് മാത്രം. ഇത്തവണ കോളടിച്ചിരിക്കുന്നത് ഡോ.വി. വേണുവിനാണ്.

ഈ മാസം 31 ന് വിരമിക്കുന്ന ഡോ.വി. വേണുവിന് പിണറായി ഗംഭീര പോസ്റ്റാണ് ഓഫർ ചെയ്തിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും സംബന്ധിച്ച പഠനവും നയരൂപികരണത്തിനുമായി കേരളം പുതിയ കമ്മീഷനെ വയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിൻ്റെ ഫയലുകൾ പരിസ്ഥിതി വകുപ്പിൽ നിന്ന് അനക്കം വച്ച് തുടങ്ങി. ആ കസേര ഡോ. വേണുവിന് പാകമായിട്ടാണ് പിണറായി തയ്യാറാക്കിയത്.

ശമ്പളവും പെൻഷനും ഒരുമിച്ച് വേണുവിന് കിട്ടുമോ എന്ന് വ്യക്തമല്ല. മുൻ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് ശമ്പളവും പെൻഷനും അടക്കം 6 ലക്ഷം രൂപയുടെ കസേരയാണ് പിണറായി നൽകിയത്. അതുകൊണ്ട് തന്നെ വേണുവിനും 6 ലക്ഷം കിട്ടും എന്നാണ് ലഭിക്കുന്ന സൂചന . വേണു വിരമിക്കുന്ന ചീഫ് സെക്രട്ടറി കസേര ഭാര്യ ശാരദ മുരളിധരന് ലഭിക്കും. ശാരദക്ക് 2025 ഏപ്രിൽ വരെ കാലാവധിയുണ്ട്.

അതിന് ശേഷം ശാരദയ്ക്കും 6 ലക്ഷം രൂപയുടെ കസേര പിണറായി ഒരുക്കി കൊടുക്കണം. കസേരകൾ ഒന്നും ഒഴിവില്ലാത്തതിനാൽ വേണുവിൻ്റേത് പോലെ പുതിയ കസേര ശാരദയ്ക്കും ഒരുക്കി കൊടുക്കേണ്ടി വരും.

വർഷങ്ങളായി തദ്ദേശ സ്ഥാപനങ്ങളുടെയും മാലിന്യ നിർമ്മാർജ്ജനത്തിൻ്റെയും ചുമതല ആണ് ശാരദക്ക്. അതുകൊണ്ട് തന്നെ ശാരദക്ക് വേണ്ടി മാലിന്യ നിർമ്മാർജ്ജനം ചെയ്യാൻ ഒരു കമ്മീഷനെ പിണറായി ഒരുക്കിയേക്കും. 2018 ൽ ചീഫ് സെക്രട്ടറി കസേരയിൽ നിന്ന് വിരമിച്ച കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇപ്പോഴും ഇരുന്ന് ഭരണം നിയന്ത്രിക്കുമ്പോൾ വിരമിക്കുന്ന ചീഫ് സെക്രട്ടറിമാരെ ഇരുത്തേണ്ട കസേരയെ കുറിച്ച് പിണറായിക്ക് കൺഫ്യൂഷൻ ഉണ്ടാകേണ്ട കാര്യമില്ല.