Breaking news
7 Oct 2024, Mon

ഹിന്‍ഡന്‍ബര്‍ഗിന്റെ മുഖ്യനിക്ഷേപകന്‍ മോദി വിമര്‍ശകനായ ജോര്‍ജ് സോറോസ്; ഇന്ത്യക്കെതിരെ വിദ്വേഷം പരത്തുന്നു; കോണ്‍ഗ്രസിനെതിരെ ആരോപണം തിരിച്ചു ബിജെപി

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന നിക്ഷേപകന്‍ ഹംഗേറിയന്‍ വംശജനും യു.എസ് നിക്ഷേപകനുമായ ജോര്‍ജ് സോറോസാണെന്ന ആരോപണവുമായി ബി.ജെ.പി. ഇന്ത്യയ്ക്കെതിരേ നിരന്തരം പ്രചരണം നടത്തുന്നയാളാണ് ജോര്‍ജ് സോറോസെന്നും കോണ്‍ഗ്രസിന് സാമ്പത്തിക നിക്ഷേപങ്ങള്‍ ഇവിടെയില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ബി.ജെ.പി എംപി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സെബി ചെയര്‍പേഴ്‌സനെതിരായ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ജെപിസി അന്വേഷണ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ബിജെപി ഈ മറുപടിയുമായി രംഗത്തുവന്നത്. ”ഇന്ന് ഞങ്ങള്‍ക്ക് കുറച്ച് പ്രശ്നങ്ങള്‍ ഉന്നയിക്കാനുണ്ട്. ആരുടെ നിക്ഷേപമാണ് ഹിന്‍ഡന്‍ബര്‍ഗിലുള്ളത് ഇന്ത്യയ്ക്കെതിരേ നിരന്തരം പ്രചരണം നടത്തുന്ന ജോര്‍ജ് സോറോസിനെ നിങ്ങള്‍ക്കറിയാമോ അദ്ദേഹമാണ് പ്രധാന നിക്ഷേപകന്‍. നരേന്ദ്രമോദിക്കെതിരായ വിദ്വേഷത്തില്‍ കോണ്‍ഗ്രസ് ഇന്ന് ഇന്ത്യയ്ക്കെതിരേ വിദ്വേഷം പരത്തുകയാണ്”- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇന്ത്യയിലെ ഓഹരി വിപണി താറുമാറായാല്‍ ചെറുകിടനിക്ഷേപകര്‍ പ്രശ്നത്തിലാകുമോ ഇല്ലയോ കോണ്‍ഗ്രസിന് ഓഹരി വിപണിയൊന്നാകെ തകരുകയാണ് വേണ്ടത്. ചെറുകിട നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ അവസാനിക്കണം. സാമ്പത്തിക നിക്ഷേപങ്ങള്‍ ഇവിടെയില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ സ്ഥാപകനായ സോറോസ് പ്രധാനമന്ത്രി മോദിയുടെ വിമര്‍ശകന്‍ കൂടിയാണ്. ഇന്ത്യയുടെ ജനാധിപത്യ പക്രിയകളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങളടക്കം സോറോസിനെതിരേ ബി.ജെ.പി ഉന്നയിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിദേശത്തുനിന്ന് വന്‍തോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി രേഖകളും ഇവര്‍ പുറത്തുവിട്ടു. ബെര്‍മുഡയിലും മൗറീഷ്യസിലും പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭര്‍ത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മാധബി പുരി ബുച്ചിനും അദാനിക്കും മോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദി എന്തുകൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കഠിനാധ്വാനത്തിലൂടെ സത്യസന്ധമായി സമ്പാദിച്ച പണമാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ അപകടസാധ്യതയുണ്ട് എന്ന് നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്റെ കടമയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി സെബി രംഗത്തെത്തി. വ്യാജപ്രചാരണങ്ങളില്‍ നിക്ഷേപകര്‍ ആശങ്കപ്പെടരുതെന്ന് സെബി പ്രസ്താവനയില്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരേ കൃത്യമായ അന്വേഷണം നടത്തിയിരുന്നു. സെബി ചെയര്‍പേഴ്‌സണും അദാനിഗ്രൂപ്പും തമ്മില്‍ ഇടപാടുകള്‍ ഇല്ലെന്നും സെബി വ്യക്തമാക്കി.