അഭിനയരംഗത്തെ മലയത്തിന്റെ രണ്ട് സ്വകാര്യ അഹങ്കാരങ്ങളെ ഒറ്റ ഫ്രയിമിൽ കണ്ട സന്തോഷത്തിലാണ് മലയാളികൾ. കണ്ടപാടെ മലയാളികളുടെയാകെ മുഖത്ത് ഒരു ചിരി പൊട്ടിവിടരുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മിനിറ്റുകൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് മലയാളികളുടെ മനസ്സിൽ ആ പടം തറച്ചുകയറി. അതെ പോലെ തന്നെ അവരുടെ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും… മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണത്.
ചിത്രത്തിൽ ലാലേട്ടന് ഉമ്മ കൊടുക്കുന്നത് മലയാള സിനിമയുടെ തന്നെ നിലവാരം മാറ്റിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസിലും. ചിത്രത്തിന് ലാലേട്ടൻ നൽകിയ ക്യാപ്ഷൻ “എടാ മോനെ, ഐ ലവ് യു” എന്നാണ്. പോസ്റ്റ് ചെയ്ത് മിനുട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ അക്ഷരാർത്ഥത്തിൽ ‘എയറിൽ പോയി’രിക്കുകയാണ് ചിത്രം. ‘എടാ മോനെ മീറ്റ്‌സ് എന്താ മോനെ’, ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ ലാലേട്ടാ’, ‘ഒന്ന് ഒരുമിച്ചൂടെ’ എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുള്ള കമെന്റുകൾ. ഒറ്റ ചിത്രം കൊണ്ട് സോഷ്യൽ മീഡിയക്ക് ‘തീയിടാൻ’ പോന്ന രണ്ട് നടൻമാർ ഒന്നിച്ചൊരു ഫോട്ടോ പങ്കുവച്ചപ്പോൾ ഇതാണെങ്കിൽ ഇവർ ഒന്നിച്ച് ഒരു സിനിമയിൽ വന്നാൽ എന്തായിരിക്കും സ്ഥിതി എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.