അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിലാണ് ഇന്ന് നടക്കുന്നത്. ഇന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി. തലപ്പാലിയിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഒരു സംഘത്തിന്റെ തിരച്ചില്‍ നടക്കുന്നത്. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്.
വനമേഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിൽ പങ്കെടുക്കും. ഇന്നലെ ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെടുത്തിരുന്നു. ദുരന്തം നടന്ന് രണ്ടാഴ്ചയായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ 80 മൃതദേഹങ്ങളും 167 ശരീര ഭാഗങ്ങളുമാണ് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ദുരന്തം നടന്നിട്ട് 14 ദിവസം പിന്നിടുമ്പോൾ ഇനി 130 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെത്താനുള്ളത്.
മുണ്ടക്കൈ ദുരന്തം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴും ചാലിയാറിൽ ഒഴുകി മൃതദേഹങ്ങൾ ഒഴുകുകയാണ്. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെ നടത്തിയ തിരച്ചിലിൽ മൃതദേഹവും തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് സന്നദ്ധപ്രവർത്തകരെ ഒഴിവാക്കി സൈന്യവും മറ്റ് സേനാവിഭാഗങ്ങളും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചതോടെയാണ് ചാലിയാറിലേക്ക് തിരച്ചിൽ കേന്ദ്രീകരിച്ചത്. വയനാട്ടിലെ സൂചിപ്പാറ മുതൽ മലപ്പുറം ജില്ലയിലെ മുണ്ടേരിഫാം വരെയുള്ള പ്രദേശം അഞ്ച് സോണുകളായി തിരിച്ചായിരുന്നു പരിശോധന. സൈന്യം, എസ്ഒജി കമാൻഡോസ് ഉൾപ്പെടുന്ന 26അംഗ സംഘം സൂചിപ്പാറ മുതൽ പരപ്പൻപാറ വരെ തിരച്ചിൽ നടത്തി. ദുർഘടമായ പ്രദേശത്ത് വ്യോമസേന ഹെലികോപ്ടറുകളുടെ സഹായത്തോടെ ദൗത്യസംഘാംഗങ്ങളെ ഇറക്കിയായിരുന്നു തിരച്ചിൽ.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് തലയോട്ടിയും ഒരു ശരീരഭാഗവും ലഭിച്ചത്. ഇവിടെ കൂടുതൽ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ദൗത്യ സംഘം ചൂണ്ടിക്കാട്ടുന്നു. എൻ ഡി ആർ എഫ്, വനം വകുപ്പ് , പൊലീസ്, തണ്ടർബോൾട്ട് , ഫയർഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം വനം കേന്ദ്രീകരിചും. മറ്റൊരു സംഘം പുഴയിലുമനു തിരച്ചിൽ നടത്തിയത്. ചാലിയാറിൽ നിന്ന് ഇതുവരെ 247 മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. വരുംദിവസങ്ങളിലും ഓപ്പറേഷൻ ചാലിയാർ തുടരാനാണ് തീരുമാനം.
കൂടുതൽ സേനാംഗങ്ങളെ ചാലിയാറിനോടു ചേർന്നുള്ള ദൗത്യത്തിനാണു നിയോഗിക്കുക. ഇന്നലെ ചൂരല്‍മല പാലത്തിന് താഴെ ഭാഗത്തു വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന മുന്നേറി. വനപാലകരും വിവിധ സേനവിഭാഗങ്ങളും പ്രദേശം പരിചയമുള്ള സന്നദ്ധ സേവകരും ചേര്‍ന്നായിരുന്നു ദൗത്യം.
അതിനിടെ ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര്‍ ശുപാര്‍ശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മാണപ്രവര്‍ത്തനവും ആള്‍ത്താമസവും മറ്റും തീരുമാനിക്കുക.