Breaking
18 Sep 2024, Wed

സെക്രട്ടേറിയറ്റിൽ ഇടത് ജീവനക്കാർ ഏറ്റുമുട്ടി, മുഖ്യമന്ത്രിയുടെ മൂക്കിന് കീഴില്‍ മൂന്നാമത്തെ അടി

മാധ്യമപ്രവർത്തകർക്ക് നേരെകയ്യേറ്റം: ശക്തമായ നടപടിവേണംകേരള പത്രപ്രവർത്തക യൂണിയൻ

സെക്രട്ടേറിയറ്റ് ക്യാൻ്റീനിൽ സിപിഎം അനുകൂല ജീവനക്കാർ തമ്മിൽ സംഘർഷം. ആഹാരം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാരനും സെക്രട്ടേറിയറ്റ് ജീവനക്കാരും തമ്മിലാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. വെള്ളം ഇല്ലാത്തതിൻ്റെ പേരിൽ ട്രഷറി ജീവനക്കാരനായ അമലാണ് പ്രശ്നമുണ്ടാക്കിയതെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാർ പറയുന്നു. ഇവർ തമ്മിലുള്ള ഏറ്റുമുട്ടല്‍ അറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയപ്പോള്‍ പിന്നീട് ഈ ജീവനക്കാർ അവർക്കുനേരെയായി പരാക്രമം. 

ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ഇരുകൂട്ടരും ഭീഷണി മുഴക്കി. തർക്കം ചിത്രീകരിച്ചാൽ ക്യാമറ അടിച്ചുപൊട്ടിക്കുമെന്നായിരുന്നു ഒരു ജീവനക്കാരന്റെ ഭീഷണി. തുടർന്ന് പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ ഭീഷണിയുമായി ഇയാൾ മാധ്യമ പ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക് , ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവർക്ക് നേരെയാണ് കയ്യേറ്റം നടന്നത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിലും ഭീഷണിപ്പെടുത്തിയതിലും പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലും പരിസരപ്രദേശങ്ങളിലും ഈ വർഷം ഇത് നാലാമത്തെ തവണയാണ് ഇടത് സംഘടനാ ജീവനക്കാർ പരസ്പരം ഏറ്റുമൂട്ടുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് മുതല്‍ ഗ്രൂപ്പ് പോര് വരെ ഇവരുടെ കൈയാങ്കളിക്ക് കാരണമായിട്ടുണ്ട്. അതിന് ശേഷമാണ് ഇപ്പോള്‍ ക്യാൻ്റീനിലെ വെള്ളത്തിന്റെ പേരിലെ സംഘർഷം.

മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം: ശക്തമായ നടപടി വേണംകേരള പത്രപ്രവർത്തക യൂണിയൻ

സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ സെക്രട്ടറിയേറ്റ് ജീവനക്കാർ തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചതിനാണ് മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ്‌ ആഷിക്ക് ക്യാമറാമാൻ സിജോ സുധാകരൻ ഡ്രൈവർ സജിൻലാൽ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഘർഷം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കും എന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്‌ സർക്കാരിനോടും ചീഫ് സെക്രട്ടറിയോടും യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി നായരും ആവശ്യപ്പെട്ടു.