വയനാട്ടിലെ 14 ശതമാനം ഭൂമിയും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതാണെന്നും സംസ്ഥാനത്തെ 13 ശതമാനം ഭൂപ്രദേശം അതിരൂക്ഷ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയാണെന്നും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) പഠനറിപ്പോര്‍ട്ട്.
2018-ലെ പ്രളയത്തിനുശേഷം അതിരൂക്ഷ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയുടെ വിസ്തീര്‍ണത്തില്‍ 3.46 ശതമാനം വര്‍ധനയുണ്ടായെന്നും കുഫോസ് പുതുവൈപ്പ് കാംപസ് മേധാവി ഡോ. ഗിരീഷ് ഗോപിനാഥും കുഫോസിലെ മണ്ണിടിച്ചില്‍ ഗവേഷകന്‍ എ.എല്‍. അച്ചുവും ഉള്‍പ്പെട്ട സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുണ്ടക്കൈ ദുരന്തം ഉണ്ടാകുന്നതിനുമുന്‍പ്, നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക ഉപകരണം ഉപയോഗിച്ച് ഈ വര്‍ഷംതന്നെ തയ്യാറാക്കിയതാണീ റിപ്പോര്‍ട്ട്.
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്നതിന്, ഓട്ടോമേറ്റഡ് കാലാവസ്ഥാ സ്റ്റേഷനില്‍നിന്ന് 5-10 മിനിറ്റ് ഇടവേളയില്‍ മഴയുടെ ഡേറ്റ, വിവിധ ആഴങ്ങളില്‍നിന്നുള്ള മണ്ണിന്റെ ഈര്‍പ്പം, റഡാര്‍ അധിഷ്ഠിത മഴയുടെ പ്രവചനം എന്നിവ അത്യാവശ്യമാണ്. നിര്‍മിതബുദ്ധിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ ഡേറ്റാസെറ്റുകളുടെ സംയോജനത്തിലൂടെ കൃത്യമായ പ്രവചനം നടത്താന്‍ കഴിയും. എസ്.എം.എസ്. അടിസ്ഥാനമാക്കിയുള്ള തത്സമയ മുന്നറിയിപ്പ് സംവിധാനം കേരളത്തിന് അത്യന്താപേക്ഷിതമാണ്.
മണ്‍സൂണ്‍ മഴ ഇരുതലമൂര്‍ച്ചയുള്ള വാള്‍
തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കേരളത്തിലെ സമ്പന്നമായ ജൈവവൈവിധ്യത്തെ പോഷിപ്പിക്കുകയും കൃഷിയെ പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍, അവ മണ്ണിനെ പൂരിതമാക്കുകയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതാക്കുകയും ചെയ്യുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുന്നത് പ്രശ്‌നം വഷളാക്കുകയും മണ്ണൊലിപ്പിനും ചെരിവ് തകരുന്നതിനും കാരണമാകുന്നു. വനനശീകരണം, അനിയന്ത്രിതമായ നിര്‍മാണം, തെറ്റായ ഭൂവിനിയോഗ ആസൂത്രണം തുടങ്ങിയവ ഉരുള്‍പൊട്ടലിന് കാരണമാകുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.