Breaking
18 Sep 2024, Wed

‘അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍’ അഡ്മിന്‍ മനോഹരന്‍ മകന്‍ മനീഷ്; ‘പോരാളി ഷാജി’ അബ്ദുവിന്റെ മകന്‍ വഹാബ്; ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ടില്‍ എല്ലാം അവ്യക്തം

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനുപിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന പോലീസ് പറയുമ്പോഴും പുറത്തു വന്ന റിപ്പോര്‍ട്ട് സിപിഎം സൈബര്‍ സഖാക്കള്ക്ക് എതിര്. ഈ സഖാക്കളെ സിപിഎം നേരത്തെ പരസ്യമായി തള്ളി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കേസിലെ തുടര്‍ നടപടികള്‍ ശ്രദ്ധേയമാകും.

വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആളെ കണ്ടെത്തിയില്ലെന്ന വിവരമുള്ളത്. ഫെയ്സ് ബുക്കിലും വാട്‌സാപ്പിലും പ്രചരിച്ച സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം ഏതെന്നു വ്യക്തമാക്കാത്തതിനാല്‍ മാതൃകമ്പനിയായ ‘മെറ്റ’യെ കേസില്‍ പ്രതിചേര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതും കേസില്‍ നിര്‍ണ്ണായകമാകും. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം ഹര്‍ജി ഫയല്‍ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കാസിം പങ്കുവെച്ച പോസ്റ്റ് എന്ന രീതിയിലായിരുന്നു സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നത്. സി.പി.എം. പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് കാസിമും പരാതി നല്‍കി. മുഹമ്മദ് കാസിമാണ് പോസ്റ്റുചെയ്തത് എന്നതിന് ഒരു തെളിവും കിട്ടിയില്ലെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇപ്പോഴും അന്വേഷണ പരിധിയിലാണ്. അതിനിടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വരുന്നത്.

സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ച ‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ മനീഷ്, സജീവ് എന്നിവരുടെ പേരിലെടുത്ത ഫോണ്‍നന്പറുകളിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മനീഷാണ് അഡ്മിന്‍. ‘റെഡ് ബറ്റാലിയന്‍’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്നാണ് വിവാദ പോസ്റ്റ് കിട്ടിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. സംശയം തോന്നിയതിനാല്‍ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. അമല്‍ റാം എന്നയാളാണ് റെഡ് ബറ്റാലിയന്‍ ഗ്രൂപ്പില്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതെന്നും അറിയിച്ചു.

‘റെഡ് എന്‍കൗണ്ടേഴ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് സ്‌ക്രീന്‍ ഷോട്ട് ലഭിച്ചതെന്നായിരുന്നു അമലിന്റെ മൊഴി. റിബീഷ് എന്നയാളാണ് പോസ്റ്റ് ചെയ്തതെന്നും പറഞ്ഞു. റിബീഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാന്‍ തയ്യാറായില്ല. പോസ്റ്റ് സൃഷ്ടിച്ചത് റിബീഷാണോ അതോ ഡൗണ്‍ലോഡ് ചെയ്തതാണോ എന്നറിയാന്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഈ ഫലം അതിനിര്‍ണ്ണായകമാകും.

‘പോരാളി ഷാജി’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബാണ്. ഇയാളാണ് ഇതിന്റെ അഡ്മിന്‍. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് പോസ്റ്റ് കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി. എന്നാല്‍ മറുപടിയില്‍ കൃത്യതയില്ല. വഹാബിന്റെ ഫോണും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതോടെ വഹാബാണ് ‘പോരാളി ഷാജി’ എന്നും വ്യക്തമായി. ഇതിനൊപ്പം കാസിമിനെതിരേയും അന്വേഷണം നടക്കുന്നു. ഹര്‍ജിക്കാരന്‍ മറ്റേതെങ്കിലും ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയം അടുത്തദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും. കോടതി നിലപാട് നിര്‍ണ്ണായകമാകും.

അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ആരാണ് വിവാദ പോസ്റ്റ് സൃഷ്ടിച്ചത് എന്നത് കണ്ടെത്താന്‍ കഴിയില്ലെന്നാണ് പോലീസ് വിശദീകരണം. സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച ‘അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍’ എന്ന ഫെയ്‌സ്ബുക് പേജിന്റെ അഡ്മിന്മാര്‍ മനോഹരന്റെ മകന്‍ മനീഷ്, ദാസിന്റെ മകന്‍ സജീവ് എന്നിവരാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇരുവരെയും കേസില്‍ സാക്ഷികളായാണ് ചോദ്യം ചെയ്തത്. ‘റെഡ് ബറ്റാലിയന്‍’ എന്ന വാട്‌സാപ് ഗ്രൂപ്പില്‍ മേയ് 25ന് ഉച്ചയ്ക്ക് 2.34ന് രാമചന്ദ്രന്റെ മകന്‍ അമല്‍ എന്നയാളാണ് പോസ്റ്റ് ഇട്ടതെന്നും വ്യക്തമായി.

‘റെഡ് എന്‍കൗണ്ടര്‍’ എന്ന വാട്‌സാപ് ഗ്രൂപ്പില്‍ അതേ ദിവസം ഉച്ചയ്ക്ക് 2.13ന് രാമകൃഷ്ണന്റെ മകന്‍ റിബീഷ് എന്നയാളാണ് പോസ്റ്റ് ഇട്ടത് എന്നും അമല്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പോരാളി ഷാജി’ എന്ന അക്കൗണ്ടില്‍നിന്നു വ്യാജ പോസ്റ്റ് നീക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടും മാറ്റാത്തതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിനെ കേസില്‍ മൂന്നാം പ്രതിയായി ചേര്‍ത്തത്. നോഡല്‍ ഓഫിസറായ അശ്വിന്‍ മധുസൂധനന് സമന്‍സ് അയച്ച് വിളിച്ചു വരുത്തുന്നതിന് വടകര മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.

പോരാളി ഷാജി ഗ്രൂപ്പിന്റെ ഉടമ അബ്ദുവിന്റെ മകന്‍ വഹാബ് എന്നയാളാണ്. കേസില്‍ സാക്ഷിയാക്കിയ വഹാബിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ മേയ് 25ന് രാത്രി 8.23ന് പോസ്റ്റിട്ടു എന്ന് സമ്മതിച്ചിരുന്നു. അന്നേ ദിവസം ഈ പോസ്റ്റ് ഒട്ടേറെ പേരില്‍നിന്ന് വാട്‌സാപ് വഴി ലഭിച്ചിരുന്നു എന്നു വ്യക്തമാക്കിയ വഹാബ്, എവിടെ നിന്നാണെന്നു വെളിപ്പെടുത്തിയിട്ടില്ല.