വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടകവീടുകളിലേക്ക് മാറുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വാടക ഇനത്തില്‍ പ്രതിമാസ തുക അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് പ്രതിമാസം 6000/ രൂപവരെയാണ് വാടക ഇനത്തില്‍ നല്‍കുക.
ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും വാടക ഇനത്തില്‍ പ്രതിമാസം 6000/ രൂപ ലഭിക്കും.
സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക ലഭിക്കില്ല.
മുഴുവനായി സ്പോണ്‍സര്‍ഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും പ്രതിമാസ വാടക ലഭിക്കില്ല. ഭാഗികമായി സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന കേസുകളില്‍ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കും.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നു സമാനമായി, വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, യുണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫിസും ഈടാക്കാന്‍ പാടുള്ളതല്ല എന്നും ഉത്തരവു നല്‍കിയിട്ടുണ്ട്.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക.
ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60% ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സി എം ഡി ആര്‍ എഫില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.
ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ന്‍റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.
ഇതനുസരിച്ചു പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കൂടാതെ തന്നെ ഭാര്യ/ഭര്‍ത്താവ് / മക്കള്‍/ മാതാപിതാക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. സഹോദരന്‍, സഹോദരി എന്നിവര്‍ ആശ്രിതര്‍ ആണെങ്കില്‍ അവര്‍ക്കും ധന സഹായം ലഭിക്കും. പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂര്‍ണ്ണമായും ഒഴിവാക്കാനാകും. പിന്തുടര്‍ച്ചാവകാക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമുമ്പ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂര്‍ണ്ണമായും ഒഴിവാക്കും.
ദൂരന്തത്തില്‍പ്പെട്ട കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും സഹായം നല്‍കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ കാര്യത്തില്‍ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനയോടെ സംസ്കരിച്ചു. നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 415 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 401 ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്‍മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 52 ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. ഡി.എന്‍.എ പരിശോധനയ്ക്ക് 115 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ മൂന്നുപേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ഇനി ലഭ്യമാവാനുണ്ട്. ഡി.എന്‍.എ പരിശോധനയുടെ അടിസ്ഥാനത്തില്‍ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ചൂരല്‍മല പാലത്തിന് താഴ്ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ചും നിലമ്പൂര്‍ വയനാട് മേഖലകളിലും തെരച്ചില്‍ ഊര്‍ജ്ജിതമാണ്. ഏഴു മേഖലകളായി തിരിച്ച് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലില്‍ നടത്തുന്നുണ്ട്. ജനകീയ തെരച്ചിലില്‍ ഒറ്റ ദിവസം തന്നെ 2000 ത്തോളം പേര്‍ പങ്കെടുത്തു. പരിശോധന ഇന്നും തുടരുന്നുണ്ട്. വെള്ളിയാഴ്ചവരെ ചാലിയാറില്‍ തെരച്ചില്‍ നടത്തും.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള ക്വാര്‍ട്ടേഴ്സുകള്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാടക വീടുകളും പുനരധിവാസത്തിന് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങളാണ് ഇത് വരെ ലഭ്യമായത്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 253 കെട്ടിടങ്ങള്‍ വാടക നല്‍കി ഉപയോഗിക്കാനായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നൂറോളം വീട്ടുടമസ്ഥര്‍ വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു.
താല്‍കാലിക പുനരധിവാസത്തിനായി ഹാരിസണ്‍ മലയാളത്തിലെ തൊഴിലാളി യൂണിയനുകള്‍ ഇപ്പോള്‍ നല്‍കാന്‍ തയ്യാറായിട്ടുള്ള 53 വീടുകളും നല്‍കാമെന്നേറ്റ ബാക്കി വീടുകളുടെയും ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, മാനേജ്മെന്‍റ് പ്രതിനിധികള്‍ എന്നിവര്‍ പരിശോധന നടത്തി ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കും എന്നുള്‍പ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോള്‍ മേപ്പാടി, മുപൈനാട്, വൈത്തിരി, കല്‍പ്പറ്റ, മുട്ടില്‍, അമ്പലവയല്‍ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂര്‍ണ്ണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്. ചൂരല്‍ മലയിലെ ദുരന്തബാധിതര്‍ക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സര്‍വ്വകക്ഷികളുടെയും നേതൃത്വത്തില്‍ വാടക വീടുകള്‍ക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ട്. പഞ്ചായത്ത് അംഗങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, സോഷ്യല്‍ വര്‍ക്കര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയില്‍ ലഭ്യമാക്കാവുന്ന വീടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യും.
അതിവേഗം രേഖകള്‍ നല്‍കാന്‍ ദുരന്തബാധിതര്‍ക്ക് ക്യാമ്പുകളില്‍ സജ്ജമാക്കിയ പ്രത്യേക ക്യാമ്പയിനിലൂടെ ഇതുവരെ 1368 സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി.
നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാകും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ക്യാംപുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാക്കേജ്തയ്യാറാക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന നടത്തിവരികയാണ്. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്. ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ഇന്നലെ സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്‍റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോര്‍ട്ട് നല്‍കും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകള്‍ വിലയിരുത്തും.
എന്‍.ഐ.ടി സൂറത്ത്കലുമായി ചേര്‍ന്ന് ദുരന്തബാധിത മേഖലയുടെ അതിസൂക്ഷ്മമായ ലിഡാര്‍ സര്‍വേ നടത്താനുദ്ദേശിക്കുന്നുണ്ട്. ഈ സര്‍വേയിലൂടെ ഭൂമിയുടെ ഉപരിതലവും ഉപരിതലത്തിന് മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കും. ഈ വിവരങ്ങളുപയോഗിച്ചു കൊണ്ട് വിദഗ്ദ്ധ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇനിയുള്ള ഭൂവിനിയോഗത്തിന്‍റെ രീതികള്‍ നിശ്ചയിക്കാന്‍ സാധിക്കുക. എന്‍ ഐ ടി സൂറത്ത്കലിലെ ദുരന്തനിവാരണ വിദഗ്ദ്ധന്‍ ശ്രീ. ശ്രീവത്സാ കോലത്തയാര്‍ ആണ് ഈ സംഘത്തെ നയിക്കുന്നത്. ഡ്രോണ്‍ ഉപയോഗപ്പെടുത്തിയുള്ള ലിഡാര്‍ സര്‍വേ ആണ് നടത്താനുദ്ദേശിക്കുന്നത്. ദുരന്തബാധിത പ്രദേശത്തിന്‍റെ ഏരിയല്‍ ഫോട്ടോഗ്രാഫ്സ് അടക്കമുള്ള സൂക്ഷ്മമായ ചിത്രങ്ങളെടുക്കും. മുന്‍പുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം എന്തെല്ലാം മാറ്റങ്ങള്‍ വന്നു, ഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയില്‍ ഈ പ്രദേശത്തെ ഭൂവിനിയോഗം നിര്‍ണയിക്കുമ്പോള്‍ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും ഈ സര്‍വ്വേ റിപ്പോര്‍ട്ട് സഹായകമാകും.
ലിഡാര്‍ സര്‍വേ വഴി മരങ്ങള്‍, മരത്തിന്‍റെ ഉയരം, പാറകള്‍, തുടങ്ങിയവയെ സൂക്ഷ്മമായി പരിശോധിക്കാന്‍ സാധിക്കും. 50 സെന്‍റിമീറ്റര്‍ വരെ വലിപ്പമുള്ള വസ്തുക്കള്‍ ഇതുവഴി കണ്ടെത്താനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ദുരന്തനിവാരണ ഘട്ടങ്ങളില്‍ മനുഷ്യരുടെ പുനരധിവാസം പോലെതന്നെ പ്രധാനപ്പെട്ട ഘടകമാണ് വളര്‍ത്ത് മൃഗങ്ങളുടേതും. ദുരിതമനുഭവിച്ചവര്‍ക്കായി ക്യാമ്പുകള്‍ ആരംഭിച്ചത് പോലെ ദുരന്തത്തിലകപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്കായി രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ദുരന്ത പ്രദേശത്തെ ഉരുക്കള്‍ക്കും അരുമ മൃഗങ്ങള്‍ക്കുമായി ക്ഷീര വികസന വകുപ്പിന്‍റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ മുഖേന വിവിധ സംഘടനകള്‍ തീറ്റ വസ്തുക്കള്‍, ധാതുലവണ മിശ്രിതം എന്നിവ കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്. ഇന്നലെ മാത്രം എട്ട് മെട്രിക് ടണ്‍ തീറ്റ, അഞ്ച് ടണ്‍ വൈക്കോല്‍, അരുമ മൃഗങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ എന്നിവ പാലക്കാട് അരുവി ഫീഡ്സ് വഴി എത്തിച്ചു.
വിലങ്ങാട്
കഴിഞ്ഞ മാസം മുപ്പതിന് വാണിമേല്‍ ഗ്രാമപഞ്ചായത്തിലും അടിച്ചിപ്പാറ മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഇവിടെ പരാമർശിച്ചതാണ്. പന്നിയേരി, മലയങ്ങാട്, കമ്പിളിപ്പാറ, പാനോം, കുറ്റല്ലൂര്‍ ഭാഗങ്ങളിലും ചെറുതും വലുതും ആയ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.
പ്രാഥമിക പരിശോധനയില്‍ ബോധ്യമായ നഷ്ടത്തിന്‍റെ തോത് റവന്യു അധികാരികൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ വിലങ്ങാട് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
ദുരന്തബാധിത പ്രദേശത്ത് റവന്യൂ മന്ത്രിക്കു പുറമെ വനം, പൊതുമരാമത്ത്, ജലവിഭവ, കൃഷി മന്ത്രിമാരും സന്ദര്‍ശിച്ചിട്ടുണ്ട്.
തകരാറിലായ വൈദ്യുതി ബന്ധം പുനരാരംഭിച്ചു. നൂറോളം ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിച്ച് നാല് കിലോമീറ്റര്‍ നീളത്തില്‍ പുതുതായി ലൈന്‍ വലിക്കുകയും നാലു കിലോമീറ്ററോളം പ്രദേശത്ത് നിലവിലെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയുമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് അവയ്ക്ക് പകരം രേഖകള്‍ ലഭ്യമാക്കുന്നതിനായി ഓഗസ്റ്റ് 16ന് പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന അദാലത്തില്‍ എല്ലാവിധ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കും.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളുടെ നിലവിലെ സ്ഥിതിഗതികള്‍ പഠിക്കാനും ഇവിടെ തുടര്‍വാസം സാധ്യമാണോ എന്ന് പരിശോധിക്കുന്നതിനുമായി ജിയോളജി, ഹൈഡ്രോളജി, മണ്ണ് സംരക്ഷം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹസാഡ് അനലിസ്റ്റും പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിവരികയാണ്.
വിലങ്ങാട് മേഖലയില്‍ ഉരുള്‍പൊട്ടല്‍ മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് അതിവേഗം ആശ്വാസവും പുനരധിവാസവും സാധ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മഴ സാധ്യത
തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ ചക്രവാത ചുഴിയും റായലസീമ മുതല്‍ കോമറിന്‍ മേഖലവരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി /മിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും അതിശക്തമായ മഴക്കും ആഗസ്റ്റ് 16, 17 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്/മഞ്ഞ അലെര്‍ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഓറഞ്ച്/ റെഡ് അലെര്‍ട്നു സമാനമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വയനാട് ജില്ലയില്‍ പല സ്ഥലങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പുത്തുമല ഭാഗങ്ങളില്‍ ശക്തമായ മഴപെയ്തു. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ ആയതിനാല്‍ അവിടുത്തെ ജനങ്ങളെ തൃക്കൈപ്പറ്റ സ്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
സി.ആര്‍.സെഡ്
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2019 ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും, കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കേരളത്തിന്‍റെ കരട് തീരദേശ പരിപാലന പ്ലാന്‍ അംഗീകാരത്തിനായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
സി ആര്‍ സെഡ് മൂന്നില്‍ നിന്നും സി ആര്‍ സെഡ് രണ്ടിലേക്ക് തരം മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളില്‍ 66 പഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സി ആര്‍ സെഡ് രണ്ട് കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
മലപ്പുറം പെരിന്തല്‍മണ്ണയിലെ പത്ത് വയസുള്ള സിയാ സഹ്റ, രക്ഷിതാക്കളായ മുഹമ്മദ് നിസാര്‍, ജസീല എന്നിവര്‍ക്കൊപ്പമെത്തി തന്‍റെ സ്വര്‍ണ്ണ പാദസരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കുട്ടിയാണ്. ഇവിടെ ആര്‍ സി സിയിലാണ് കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ലഭിക്കുന്നത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് മരുന്ന് ലഭ്യമാകാത്ത സഹചര്യം ഉണ്ടായി. തുടര്‍ന്ന് ഇവിടെ ബന്ധപ്പെട്ട് വേഗത്തില്‍ തന്നെ മരുന്ന് ലഭ്യമാക്കിയത് രക്ഷിതാകള്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയുണ്ടായി.
ദുരന്തബാധിതര്‍ക്ക് സഹായവുമായി ധാരാളം കുട്ടികളാണ് മുന്നോട്ട് വരുന്നത്. പിറന്നാള്‍ ദിവസം വസ്ത്രം വാങ്ങാന്‍, സൈക്കിള്‍ വാങ്ങാന്‍,ചെറിയ ആഭരണങ്ങള്‍ വാങ്ങാന്‍ സ്വരുപിച്ച തുകകളും സമ്മാനമായി ലഭിച്ച തുകകളും കുടുക്കയിലെ സമ്പാദ്യവും ദുരിതബാധിതര്‍ക്കായി കൈമാറിയവരുണ്ട്. അത്തരത്തിലൊന്നാണ് മലപ്പുറം തിരൂരിലെ വെട്ടം എ എച്ച് എം എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഭാവന. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ കാരുണ്യ കുടുക്കയിലൂടെ സമാഹരിച്ച മുക്കാല്‍ ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തുന്നതോടൊപ്പം അവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ വിദ്യാലയത്തില്‍ കാരുണ്യ കുടുക്ക എന്ന ആശയം നടപ്പാക്കുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി പ്രത്യേകം കാരുണ്യ കുടുക്കളുണ്ട്. താല്‍പര്യമുള്ള തുക ഇതില്‍ നിക്ഷേപിക്കാം. കഴിഞ്ഞ മഹാപ്രളയത്തിലും കോവിഡിലും ഇതേ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ സംഭാവന നല്‍കിയിരുന്നു.
ദുരിതാശ്വാസനിധിയിലേക്ക് ഇന്നലെ ലഭിച്ച സംഭാവനകള്‍ പ്രത്യേകം വാർത്താക്കുറിപ്പായി ഇന്നലെ തന്നെ നല്‍കിയിരുന്നു. ഇന്ന് രാവില 11 മണിവരെ ആകെ നൂറ്റി നാല്‍പ്പത്തി രണ്ട് കോടി ഇരുപത് ലക്ഷത്തി അറുപത്തിഅയ്യായിരത്തി മുന്നൂറ്റി ഇരുപത്തി ഒന്‍പത് (142,20,65,329) രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നല്ലരീതിയിലാണ് പൊതുവെ നാടും മാധ്യമങ്ങളും പ്രതികരിച്ചത്. ആദ്യഘട്ടത്തിലുണ്ടായ കുപ്രചരണങ്ങള്‍ക്ക് ദൂരീകരിക്കാനും യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയാക്കാനും മാധ്യമ ഇടപെടല്‍ ഉണ്ടായി. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിലും നിരവധി മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും മാതൃകയായി. ഇന്ന് കാസര്‍കോട് പ്രസ് ക്ലബ് 2,30,000 രൂപ സംഭാവനയായി നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസനിധി ഇന്ന് ലഭിച്ച സംഭാവനകള്‍
കേരളാ നേഴ്സസ് ആന്‍റ് മിഡ് വൈവ്സ് കൗണ്‍സില്‍ 5 കോടി രൂപ
കോട്ടയം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ
തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഒരു കോടി രൂപ
ഡെന്‍റല്‍ കൗണ്‍സില്‍ 25 ലക്ഷം രൂപ
കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ 7,26,450 രൂപ
കുക്കി സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഒരു ലക്ഷം രൂപ
തിരുവല്ല കല്ലുങ്കല്‍ څജീവകാരുണ്യംچ വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച 50,001 രൂപ
കാളിമാനൂര്‍ പുളിമാത്ത് ടീം കഫ്റ്റീരിയ ജീവനക്കാരുടെ ഒരു ദിവസത്തെ വരുമാനം 25,000 രൂപ
ഇന്‍ഫോ പാര്‍ക്ക് ഒരു കോടി രൂപ
സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് 50 ലക്ഷം രൂപ
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ 12,50,000 രൂപ
കേരള ഫാര്‍മസി കൗണ്‍സില്‍ 25 ലക്ഷം രൂപ
കയര്‍ഫെഡ് 15 ലക്ഷം രൂപ
സൈബര്‍ പാര്‍ക്ക് 10 ലക്ഷം രൂപ
മുസ്ലീം എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഈരാറ്റുപേട്ട 5,11,600 രൂപ
പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ
കരകുളം ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ
ബോണ്ടഡ് എഞ്ചിനിയറിങ്ങ് ലിമിറ്റഡ് 25 ലക്ഷം രൂപ
ഗവ. ഹൈസ്കൂള്‍ കാച്ചാണി വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് 1,11,500 രൂപ
ഗവ. യു പി സ്കൂല്‍ ആറ്റിങ്ങല്‍ 52,001 രൂപ
ഗവ. വി എച്ച് എസ് എസ് മണക്കാട് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് 1,40,500 രൂപ