ആടുജീവിതത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് സുകുമാരൻ. ഈ പുരസ്‌കാരം സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അർഹതയുള്ളതാണെന്നും ഈ പുരസ്‌കാരം ലഭിച്ച വേളയിൽ ഏറ്റവുമധികം ഓർക്കുന്നത് നജീബിനെയും ബെന്യാമിനെയും ഈ സിനിമയ്ക്കു വേണ്ടി തന്റെ ജീവിതത്തിലെ 16 വർഷങ്ങൾ സമർപ്പിച്ച ബ്ലെസിയെയുമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരിക്കലും പുരസ്‌കാരങ്ങൾക്ക് വേണ്ടി മോഹിക്കാറില്ലെന്നും കിട്ടുമ്പോൾ സന്തോഷിച്ചാൽ മതിയല്ലോ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
‘‘ഒരുപാട് സന്തോഷമുണ്ട്, മികച്ച നടനുള്ള അംഗീകാരം എനിക്ക് ലഭിച്ചു എന്നുള്ളതിനൊപ്പം തന്നെ ആ സിനിമയ്ക്ക് ഇത്രയും അംഗീകാരം കിട്ടി എന്നുള്ളതിൽ സന്തോഷമുണ്ട്. ഈ അംഗീകാരങ്ങൾക്ക് ഒപ്പം തന്നെ ആ സിനിമയ്ക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ അംഗീകാരം സിനിമ റിലീസ് ചെയ്തപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആ സിനിമക്ക് അംഗീകാരം തന്നു എന്നുള്ളതാണ്, അത് കഴിഞ്ഞതിനുശേഷം ആണ് ഈ അംഗീകാരം കിട്ടുന്നത് എന്നത് സന്തോഷത്തിന് ആക്കം കൂട്ടുന്നു. എന്റെ കരിയറിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ സിനിമയും കഥാപാത്രവും ആയിരുന്നു ഇത്.
ഈ അവാർഡ് പ്രഖ്യാപിക്കുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് നജീബ് എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ കഥ ലോകത്തോട് അറിയിച്ച ബെന്യാമിൻ എന്ന കഥാകൃത്തിനെയും, ഞാനെപ്പോഴും പറയാറുള്ളത് പോലെ തന്റെ ജീവിതത്തിലെ 16 വർഷം ഒരു സിനിമയ്ക്കും ഒരു കഥയ്ക്കും വേണ്ടി മാറ്റിവെച്ചു എന്ന ബ്ലെസി എന്ന സംവിധായകനേയുമാണ്. മറ്റാരെക്കാളും ഈ സിനിമയ്ക്ക് കിട്ടിയ അംഗീകാരങ്ങളിൽ നമ്മൾ ഏറ്റവും ക്രെഡിറ്റ് കൊടുക്കേണ്ടത് ബ്ലെസ്സി ചേട്ടന് തന്നെയാണ്. അദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങളിൽ ഒരു അഡീഷനൽ അംഗീകാരമാണ് അതിൽ അഭിനയിച്ച നടൻ എന്നുള്ള നിലയിൽ എനിക്ക് കിട്ടിയത് എന്നെ ഞാൻ കരുതുന്നുള്ളൂ. ഈ സിനിമയിൽ അവാർഡ് കിട്ടിയ എല്ലാവരും തന്നെ അത് അർഹിക്കുന്നു എന്നുള്ള അഭിപ്രായക്കാരനാണ് ഞാൻ. ആ സിനിമ കണ്ടവർക്ക് ആർക്കും അതിൽ എതിര്‍ അഭിപ്രായം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിലെ ടെക്നിക്കൽ ടീം ആണെങ്കിലും ക്യാമറാമാൻ, മേക്കപ്പ് മാൻ, പ്രൊഡക്ഷൻ ഡിസൈനർ ഉൾപ്പടെ സിനിമയോടൊപ്പം പ്രവർത്തിച്ച എല്ലാവരും ഇത് അർഹിക്കുന്നു.
മോഹൻദാസ് ആണെങ്കിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഞാൻ സംവിധാനം ചെയ്ത സിനിമകളുടെ ആർട്ട് ഡയറക്ടറുമാണ് അദ്ദേഹം, അദ്ദേഹത്തിന് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. അതുപോലെ തന്നെ ആടുജീവിതത്തിലെ എല്ലാ സാങ്കേതിക വിദഗ്ധരും ലോകോത്തരമായ സമർപ്പണമാണ് സിനിമയ്ക്ക് വേണ്ടി നൽകിയത് എന്നുള്ളതാണ് എന്റെ അഭിപ്രായം. അതിൽ ഒരു ടെക്നീഷ്യന് അവാർഡ് കിട്ടിയില്ല എന്നുള്ളത് ഒരിക്കലും അദേഹത്തിന്റെ വില കുറക്കുന്നില്ല. ഞാൻ പറഞ്ഞതുപോലെ ഈ സിനിമയുടെ ഒരു രീതി വച്ചിട്ട് ആട് ജീവിതം എന്ന സിനിമ ഉണ്ടായ സാഹചര്യം വെച്ചിട്ട് അതിൽ ആർക്ക് ഒരു അവാർഡ് കിട്ടിയാലും അത് കൂട്ടമായി എല്ലാവർക്കും കിട്ടിയ ഒരു അംഗീകാരമായാണ് ഞങ്ങൾ കാണുന്നത്. ഒരുമിച്ച് നാല് വർഷക്കാലം ഒരു ഗ്രൂപ്പ് ആളുകൾ പണിയെടുത്ത് പൂർണ്ണ അർപ്പണ ബോധത്തോടുകൂടി പ്രയത്നിച്ചതിന്റെ ഫലമാണ് സിനിമ തിയറ്ററിൽ എത്തിയത്. ഓരോരുത്തരോട് ചോദിച്ചാലും ഇതുതന്നെയായിരിക്കും അവർ പറയുന്നത് ഇങ്ങനെയാകും.
അതിൽ വർക്ക് ചെയ്ത എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ അവാർഡുകൾ. അവാർഡുകൾ എന്ന് പറയുന്നത് എപ്പോഴും ആ സിനിമ കാണുന്ന ജൂറിയുടെ അഭിപ്രായമാണല്ലോ, അഭിപ്രായത്തിനോട് എതിരെ അഭിപ്രായം ഉണ്ടാവുക എന്നുള്ളത് വളരെ വളരെ സ്വാഭാവികമാണ്. ഈ വർഷം സിനിമകൾ കണ്ട ജൂറിക്ക് ഈ സിനിമകൾക്കാണ് അവാർഡ് കൊടുക്കേണ്ടത് എന്ന് തോന്നി, അതിൽ ആടുജീവിതത്തിന് ഇത്രയും അവാർഡ് കിട്ടിയതിൽ വലിയ സന്തോഷം. പക്ഷേ അവാർഡുകൾ നാലഞ്ചുപേരുടെ അഭിപ്രായം ആയതുകൊണ്ട് തന്നെ അവാർഡുകളിൽ ഞാൻ പ്രതീക്ഷ അർപ്പിക്കാറില്ല. കിട്ടുമ്പോൾ സന്തോഷിച്ചാൽ മതിയല്ലോ.’’ പൃഥ്വിരാജ് പറഞ്ഞു.