പട്ടാമ്പി മാരായമംഗലം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യുഡിഎസ്എഫ്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ എസ് എഫ് ഐ – ഡി വൈ എഫ് ഐ സംഘം ശ്രമിച്ചിരുന്നു. 24 ൽ 14 സീറ്റുകളിൽ യുഡിഎസ്എഫ് സംഘം വിജയിക്കുകയും സ്കൂൾ ലീഡർ, ചെയർമാൻ സീറ്റുകളിലേക്ക് വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വിജയിച്ച 2 യുഡിഎസ്എഫ് പ്രതിനിധികളായ വിദ്യാർത്ഥിനികളെ എസ് എഫ് ഐ – ഡി വൈ എഫ് ഐ സംഘം ഇതിനിടെ സ്കൂളിൽ നിന്നും ബലമായി കടത്തികൊണ്ട് പോവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുഡിഎസ്എഫ് ആരോപിക്കുന്നു. ഇത് തടയുന്നതിനിടെ യുഡിഎസ്എഫ്- നേതാക്കളേയും രക്ഷിതാക്കളേയും എസ് എഫ് ഐ – ഡി വൈ എഫ് ഐ സംഘം മർദ്ദിച്ചതായും ആരോപണമുണ്ട്.
പിന്നാലെ പോലീസ് എത്തിയെങ്കിലും വിദ്യാർത്ഥിനികളെ വിട്ടുനൽകാൻ എസ് എഫ് ഐ – ഡി വൈ എഫ് ഐ സംഘം തയ്യാറായില്ലെന്നും അവർ പറഞ്ഞു. അതിനിടെ പരാജയഭീതി പൂണ്ട എസ് എഫ് ഐ 5 C ക്ലാസിലെ വനിതാ സംവരണത്തിൽ ആൺകുട്ടി നാമനിർദ്ദേശ പത്രിക നൽകിയത് ചുണ്ടിക്കാട്ടി തെരഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമം ആരംഭിച്ചു. എസ് എഫ് ഐ പ്രിൻസിപ്പാളിന് പരാതി നൽകിയതോടെ സ്കൂൾ ലീഡർ – ചെയർമാൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
ആൺകുട്ടിയുടെ പത്രിക തള്ളുകയും പെൺകുട്ടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 5C ക്ലാസിലെ വിജയം അംഗീകരിക്കണമെന്നും തെരഞ്ഞെടുപ്പ് നടപടികൾ തുടരണമെന്നും ആവശ്യപ്പെട്ട് യുഡിഎസ്എഫ് പ്രിൻസിപ്പാളിന് കത്ത് നൽകിയെങ്കിലും പ്രിൻസിപ്പാൾ എസ് ഫ് ഐ- ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്നും യുഡിഎസ്എഫ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ- യുഡിഎസ്എഫ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകും. കൂടാതെ ഹൈകോടതിയെ സമീപിക്കാനാണ് യുഡിഎസ്എഫ്- നീക്കം.