Breaking news
4 Oct 2024, Fri

സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിൽ ആത്മഹത്യക്കുറിപ്പ് ഇട്ടശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ച 25 വയസ്സുള്ള യുവാവിന് കേരള പോലീസ് രക്ഷകരായി

കൊച്ചിയിലാണ് സംഭവം. പോലീസിന്റെ വിവിധ സംഘങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം മൂലമാണ് ഒരു മണിക്കൂറിനകം തന്നെ യുവാവിനെ കണ്ടെത്തി രക്ഷിക്കാൻ കഴിഞ്ഞത്.

സാമ്പത്തികപരാധീനതയും ജോലി ലഭിക്കാത്തതിലുള്ള നിരാശയും ചൂണ്ടിക്കാട്ടിയാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്ന് പോസ്റ്റ് ഇട്ടത്.

വിവരം ശ്രദ്ധയിൽപ്പെട്ട കൊച്ചി സ്വദേശിയായ അഭിഷേക് ഉടൻ തന്നെ തൻ്റെ ഭാര്യയും എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ ഓഫീസിലെ ക്ലർക്കുമായ ഗൗരിലക്ഷ്മിയെ വിവരം അറിയിച്ചു. അവർ അക്കാര്യം ഡിഐജിയുടെ ശ്രദ്ധയിൽപ്പെടുത്തി. പോസ്റ്റിട്ടയാളെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ അദ്ദേഹം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് നിർദ്ദേശം നൽകി.

അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം എറണാകുളം റൂറൽ ജില്ലയിലെ സൈബർ പോലീസ് സംഘം വിവിധ മാർഗ്ഗങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

അവസാനം പോലീസ് റെഡ്ഡിറ്റിന്റെ ഓഫീസിൽ ബന്ധപ്പെട്ട് കാര്യം ധരിപ്പിക്കുകയും ആളെ കണ്ടെത്താൻ ആവശ്യമായ വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്കകംതന്നെ യുവാവിന്റെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവർ ലഭ്യമാക്കി.

യുവാവിന്റെ വീട് എറണാകുളം സിറ്റിയിലെ മുളവുകാട് സ്റ്റേഷൻ പരിധിയിൽ ആണെന്ന് മനസ്സിലാക്കിയ വൈഭവ് സക്സേന അക്കാര്യം കൊച്ചി സിറ്റി പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തി. പോസ്റ്റിട്ട് ഒരു മണിക്കൂറിനകം തന്നെ പോലീസ് സംഘം സ്ഥലത്തെത്തുമ്പോൾ യുവാവ് ആത്മഹത്യ ചെയ്യാനുള്ള അവസാനഘട്ട ഒരുക്കത്തിലായിരുന്നു.

ജീവനൊടുക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ച പോലീസ് അദ്ദേഹത്തെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും കൗൺസലിങ്ങിന് അവസരം ഒരുക്കുകയും ചെയ്തു. കൃത്യമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പോലീസ്.

Newskerala, www.newskeralalive,