പെട്ടെന്ന് പണം ആവശ്യമായി വന്നാൽ പലരും ആശ്രയിക്കുന്ന ഒന്നാണ് വ്യക്തിഗത വായ്പ അഥവാ പേഴ്‌സണൽ ലോൺ (personal loan). വളരെ എളുപ്പത്തിൽ ലോൺ കിട്ടും, ഈട് നൽകാതെ തന്നെ പണം അക്കൗണ്ടിൽ എത്തും തുടങ്ങിയവയാണ് പേഴ്‌സണൽ ലോണുകളുടെ പ്രധാന (personal loan) ആകർഷണം. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും ജനകീയമായ വായ്പകളിൽ ഒന്നാണിത്. മിക്ക പേഴ്‌സണൽ ലോണുകൾക്കും കാലാവധിക്ക് മുൻപ് തിരിച്ചടക്കാനുള്ള ഓപ്ഷനുകളുമുണ്ട്.
പേഴ്‌സണൽ ലോൺ (personal loan) എടുക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള തുക മാത്രം എടുക്കുക. നിങ്ങളുടെ മറ്റ് ജീവിതചെലവുകൾക്ക് മുടക്കം വരാത്ത വിധത്തിലുള്ള തുകയാണ് ഇഎംഐ എന്ന് ഉറപ്പുവരുത്തുക. വ്യാജ ഓൺലൈൻ ആപ്പുകളുടെയും മറ്റും തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തുക. ആർബിഐയുടെ പട്ടികയിലുള്ള അപ്രൂവ്ഡ് ബാങ്കുകളിൽ നിന്ന് മാത്രം പേഴ്‌സണൽ ലോൺ എടുക്കാൻ ശ്രദ്ധിക്കുക.
പേഴ്‌സണൽ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പ്രായം, വരുമാനം, ക്രെഡിറ്റ് സ്‌കോർ, തൊഴിൽ എന്നിങ്ങനെ പേഴ്‌സണൽ ലോൺ (personal loan) ലഭിക്കുന്നതിന് ചില യോഗ്യതാ മാനദണ്ഡങ്ങൾ ഉണ്ട്. അവയെക്കുറിച്ച് കൃത്യമായി ചോദിച്ചറിയുക. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ, വരുമാനം തുടങ്ങി പലിശ നിരക്കിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ട്.
നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ കിട്ടാൻ യോഗ്യതയുണ്ടോ എന്ന് അന്വേഷിക്കുക. പേഴ്‌സണൽ ലോണുകളുടെ കാലാവധി സാധാരണയായി 48 – 60 മാസം വരെയാണ്. നിങ്ങളുടെ പ്രതിമാസ ബജറ്റിനെ കാര്യമായി ബാധിക്കാത്ത കാലയളവ് തിരഞ്ഞെടുക്കുക. കാലാവധി കൂടുതലാണെങ്കിൽ ഇഎംഐ കുറവായിരിക്കും. കാലാവധി കുറവാണെങ്കിൽ മൊത്തം പലിശ കുറയും, എന്നാൽ ഇഎംഐ കൂടുതലായിരിക്കും.