Breaking news
7 Oct 2024, Mon

കോളേജിൽ അധ്യാപകനെ മർദിച്ചു; എസ്.എഫ്.ഐ പ്രവർത്തകരായ 4 വിദ്യാർഥികൾക്ക് സസ്പെൻഷൻ, കേസ്

തിരുവനന്തപുരം: കോളേജ് പ്രൊഫസറെ മറ്റു വിദ്യാർഥികളുടെ മുന്നിൽെവച്ച് മർദിച്ച സംഭവത്തിൽ ചെമ്പഴന്തി എസ്.എൻ. കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തകരായ നാല് വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു. കോളേജിൽനിന്ന് ഇവരെ സസ്പെൻഡ്‌ ചെയ്തു.

കാംപസിൽ ഒരു സ്കൂട്ടറിൽ നാലു പേർ സഞ്ചരിച്ചതു ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് അധ്യാപകനെ കൈയേറ്റം ചെയ്തത്. അവസാനവർഷ ഗണിതശാസ്ത്ര വിഭാഗം വിദ്യാർഥികളായ സെന്തിൽ, ആദിത്യൻ, ശ്രീജിത്ത്, രണ്ടാം വർഷ സോഷ്യോളജി വിഭാഗം വിദ്യാർഥി അശ്വിൻദേവ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്.

കോളേജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ്‌ പ്രൊഫസർ ഡോ. ആർ.ബിജുവിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെയായിരുന്നു സംഭവം. ജോലികഴിഞ്ഞ് ബിജുവും മറ്റൊരു പ്രൊഫസറും കൂടി തന്റെ കാറിൽ വീട്ടിലേക്കു മടങ്ങാൻ തുടങ്ങുമ്പോഴാണ് കോളേജിനകത്ത് ഓഡിറ്റോറിയത്തിനു സമീപത്തായി ഒരു സ്കൂട്ടറിൽ നാല് വിദ്യാർഥികൾ അപകടകരമായ രീതിയിൽ ബൈക്കോടിച്ചതു കണ്ടത്.

തുടർന്ന് ബിജു ഇറങ്ങിവന്ന് വിദ്യാർഥികളെ തടയുകയും രണ്ടു പേർ മാത്രം പോയാൽമതിയെന്നു പറയുകയും ചെയ്തു. തുടർന്ന് ഇവരിലൊരാൾ ബിജുവിന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു. കൂടെയുണ്ടായിരുന്ന പ്രൊഫസർ പിടിച്ചുമാറ്റുന്നതിനിടെ മറ്റു രണ്ടുപേർ ബിജുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പ്രിൻസിപ്പലിനും ശനിയാഴ്ച പോലീസിലും പരാതി നൽകി.അതേസമയം, അധ്യാപകനെ ആക്രമിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്തെന്നും ഇവർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ കാംപസിൽനിന്നു പുറത്താക്കാനാണ് തീരുമാനമെന്നും കോളേജിൽ പ്രിൻസിപ്പൽ ഡോ. രാഖി എ.എസ്. പറഞ്ഞു.