മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റി പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്
പാലക്കാട്: ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരേ സിപിഎമ്മില്‍ അച്ചടക്ക നടപടി. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി.കെ ശശിയെ നീക്കി. ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. #cpm #pksasi #palakkad #mvgovindan
ജില്ലാനേതൃത്വത്തിന്റെ ഈ തീരുമാനം സംസ്ഥാനകമ്മിറ്റി അംഗീകരിക്കുന്നതോടെ നടപടി നിലവില്‍ വരും. ഇത് മൂന്നാം തവണയാണ് പി.കെ. ശശിക്കെതിരേ പാര്‍ട്ടിനടപടി വരുന്നത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. വിഭാഗീയപ്രശ്‌നങ്ങളെത്തുടര്‍ന്ന് യു.ടി. രാമകൃഷ്ണന്‍ സെക്രട്ടറിയായ മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റി പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളേജ് നിയമനത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
സിഐടിയു ജില്ലാ പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ് പി.കെ ശശി. ഈ പദവികള്‍ നഷ്ടമാകും. തരംതാഴ്ത്തല്‍ നടപടിയും ഉണ്ടാകും. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു നടപടി. #cpm #pksasi #palakkad #mvgovindan