Breaking news
8 Oct 2024, Tue

ഹേമ കമ്മിറ്റി റിപ്പോർട്ട് മുക്കിയത് എ.കെ. ബാലൻ

2019 ഡിസംബർ 31 നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. 2020 ഫെബ്രുവരി 5 ന് റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഡോ. എം.കെ. മുനിർ എം എൽ എ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കുമെന്നായിരുന്നു എ.കെ. ബാലൻ്റെ മറുപടി. 

ഹേമ കമ്മിറ്റി റിപ്പോർട്ട് മുക്കിയത് മുൻ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം നിരവധി നിയമസഭ ചോദ്യങ്ങൾ ഇത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ചിരുന്നു. 

റിപ്പോർട്ട് പുറത്ത് വരാൻ വിവരവകാശ കമ്മീഷന് ഇടപെടേണ്ടി വന്നത് ചരിത്രം. റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരുന്നു.,. തുടങ്ങിയ പതിവ് മറുപടികളായിരുന്നു നിയമസഭയിൽ എ.കെ. ബാലൻ്റേത്.

സിനിമാ മേഖലയിലെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ അക്കമിട്ടുനിരത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ തുടര്‍ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. കേസെടുക്കുന്നതിൽ വന്ന വീഴ്ച മാത്രമല്ല സിനിമാ മേഖലയിലെ ദുഷ്പ്രവണതകൾ പരിഹരിക്കുന്നതിനുള്ള കമ്മിറ്റി നിര്‍ദ്ദേശങ്ങളിലും കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നതാണ് വസ്തുത.

ആരെ സംരക്ഷിക്കാനാണ് സര്‍ക്കാർ റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തുന്ന ചോദ്യം. 

സിനിമാ മേഖലയിലെ പ്രശ്നം ചര്‍ച്ച ചെയ്യാൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത്. കൊട്ടിഘോഷിച്ച സിനിമാ നയ രൂപീകരണത്തിന് കരട് രൂപരേഖയുണ്ടാക്കുന്ന കൺസൾട്ടൻസിക്ക് ഒരു കോടി അനുവദിച്ചത് ഇന്നലെയാണ്. സിനിമാ സെറ്റുകളിലെ തൊഴിൽ നിയമ ലംഘനം തടയാനോ അഭ്യന്തര പരാതി പരിഹാര സമിതിയുടെ പോരായ്മ പരിഹരിക്കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാനോ സര്‍ക്കാരിന് എന്തായിരുന്നു തടസമെന്ന് ചോദിച്ചാൽ അതിനുമില്ല വ്യക്തമായ മറുപടി.