ബെംഗളൂരു: ഭൂമികൈമാറ്റ ആരോപണത്തിൽ കുറ്റവിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതോടെ പ്രതിസന്ധിയിലായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് (Karnataka CM Siddaramaiah) താത്കാലികാശ്വാസം. സിദ്ധരാമയ്യക്കെതിരേ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ നിലവിലുള്ള ഹർജികളിൽ തുടർനടപടി നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഗവർണർ അനുമതി നൽകിയതിനെതിരേ സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയിൽ വാദംകേട്ട ജസ്റ്റിസ് എം. നാഗപ്രസന്നയാണ് നിർദേശം നൽകിയത്. സിദ്ധരാമയ്യയുടെ ഹർജിയിലെ തുടർവാദം 29-ലേക്കുമാറ്റി. അതുവരെ നടപടികൾ നിർത്തിവെക്കാനാണ് നിർദേശം.
മൈസൂരു അർബൻ വികസന അതോറിറ്റി(മുഡ)യുടെ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് നൽകിയതിൽ അഴിമതി ആരോപിച്ച് അഴിമതിവിരുദ്ധപ്രവർത്തകനായ ടി.ജെ. അബ്രാഹം, മൈസൂരു സ്വദേശിയായ പൊതുപ്രവർത്തക സ്നേഹമയി കൃഷ്ണ എന്നിവർ നൽകിയ ഹർജികളാണ് പ്രത്യേക കോടതിയിലുള്ളത്. ഇതിൽ അടുത്തദിവസം വാദംകേൾക്കാനിരിക്കെയാണ് നടപടികൾ തടഞ്ഞത്.
കുറ്റവിചാരണചെയ്യാൻ ഗവർണർ അനുമതിനൽകിയതോടെ സിദ്ധരാമയ്യക്കെതിരേ നിയമനടപടിക്ക് സാധ്യതതെളിഞ്ഞിരുന്നു. ഗവർണറുടെ നടപടിയിൽ ഗുരുതരമായ ഭരണഘടനാപ്രശ്നങ്ങളുണ്ടെന്ന് സിദ്ധരാമയ്യക്കുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി വാദിച്ചു. സിദ്ധരാമയ്യയെ (Karnataka CM Siddaramaiah) കുറ്റവിചാരണചെയ്യാൻ അനുമതിനൽകിയതിന്റെ കാരണം ബോധ്യപ്പെടുത്താൻ ഗവർണർക്ക് കഴിഞ്ഞിട്ടില്ല. സിദ്ധരാമയ്യക്കെതിരായ പരാതി ബാലിശമാണെന്നും അനുമതി നൽകരുതെന്നും മന്ത്രിസഭായോഗം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
മന്ത്രിസഭായോഗ തീരുമാനം അംഗീകരിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട് -സിംഘ്‌വി വാദിച്ചു. എന്നാൽ, ഗവർണർ ഭരണഘടനാസ്ഥാപനമാണെന്നും മറ്റൊരു ഭരണഘടനാസ്ഥാപനത്തിന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനാവില്ലെന്നും ഗവർണർക്കുവേണ്ടി ഹാജരായ എച്ച്.ജി. മേത്ത വാദിച്ചു.
അതിനിടെ, ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു. സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. വിധാൻസൗധയ്ക്കുമുമ്പിൽ ധർണ നടത്തി. (Karnataka CM Siddaramaiah)