Breaking news
13 Oct 2024, Sun

വൃദ്ധന് ചോറ് വാരിക്കൊടുത്ത ബോച്ചേ! അതും തട്ടിപ്പ്; അവരെല്ലാം പെരുവഴിയില്‍

കോഴിക്കോട്: നിരാംബലര്‍ക്കൊപ്പം നിന്നും ഇരുന്നും ഭക്ഷണം വാരിക്കൊടുത്ത ബോബി ചെമ്മണ്ണൂര്‍. 2009ല്‍ ചിരകാല അഭിലാഷമെന്ന് പറഞ്ഞ് ചില നല്ല വ്യക്തികളെ ബോധ്യപ്പെടുത്തി തുടങ്ങിയ ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്.

2013ല്‍ ട്രസ്റ്റിന് സാമൂഹിക നീതി വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കിട്ടി. പിന്നീട് 2017 മുതല്‍ 2021 വരേയും കിട്ടി. അതിന് മുമ്പ് തന്നെ ഈ സ്ഥാപനത്തെ ബോച്ചെ കൈവിട്ടു. ഇപ്പോള്‍ ഈ സ്ഥാപനം പൂട്ടലിന്റെ വക്കിലും. ഇതോടെ നിരവധി നിരാലംബര്‍ തെരുവിലിറങ്ങുമെന്ന ആശങ്കയിലുമായി. ബോബി ചെമ്മണ്ണൂരിന്റെ വാക്ക് കേട്ട് വിശ്വസിച്ച് എത്തിയവരാണ് പ്രതിസന്ധിയിലാകുന്നത്.

കോഴിക്കോട് മലാപറമ്പിലാണ് ഈ ചാരിറ്റി കേന്ദ്രം. മാനസികമായി വെല്ലുവിളി നേരിടുന്നവരാണ് അന്തേവാസികള്‍. ഇതിന്റെ നടത്തിപ്പു ചുമതല ബോബി ചെമ്മണ്ണൂരിനെ വിശ്വസിച്ച് ഏറ്റെടുത്തത് നിലമ്പൂരില്‍ നിന്നുള്ള ബ്രദര്‍ ബിയോയിയും. 2013ല്‍ രജിസ്‌ട്രേഷന്‍ കിട്ടിയതോടെ തുടങ്ങിയ സ്ഥാപനം 2016 വരെ ഒരു വിധം നന്നായി പോയി. #boche

വൃദ്ധന്മാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമടക്കം ഇവിടെ നിന്നെടുത്ത് പ്രചരിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ നന്മമരമാകാന്‍ ശ്രമിക്കുകയും ചെയ്തു. എല്ലാ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. എന്നാല്‍ കോടികളുടെ ആസ്തിയുണ്ടെന്ന് പറയുന്ന.. ബോച്ചെ ടീ പോലും വന്‍ ലാഭത്തിലാണെന്ന് അവകാശ വാദമുന്നയിക്കുന്ന ബോബി ചെമ്മണ്ണൂര്‍ വര്‍ഷങ്ങളായി ഇവിടേക്ക് തിരിഞ്ഞു നോക്കുന്നതു പോലുമില്ല.

ബോബി ചെമ്മണ്ണൂരിന്റെ വൃദ്ധര്‍ക്ക് അടക്കമുള്ളവര്‍ക്കൊപ്പമുള്ള പഴയ ആഘോഷം ചര്‍ച്ചയാക്കുന്ന മാധ്യമങ്ങള്‍ ഇന്ന് ഈ സ്ഥാപനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കാണുന്നില്ല. സാമൂഹിക നീതി വകുപ്പ് നടത്തിയ പരിശോധനയില്‍ അടിസ്ഥാന സൗകര്യം പോലുമില്ലെന്ന് കണ്ടെത്തി. 2016ന് ശേഷം ഈ സ്ഥാപനത്തിന്റെ കാര്യങ്ങളിലൊന്നും ബോബി ചെമ്മണ്ണൂര്‍ ഇടപെട്ടിട്ടില്ലെന്ന് നടത്തിപ്പുകാരും പറയുന്നു. അതിന് ശേഷം ചുമതല പി ആര്‍ ഒയ്ക്കാണെന്ന മറുപടിയാണ് ബോബി ചെമ്മണ്ണൂര്‍ നല്‍കിയത്. അന്ന് മുതല്‍ തന്നെ മലാപറമ്പിലെ സ്ഥാപനം പ്രതിസന്ധിയിലായെന്നതാണ് വസ്തുത. അപ്പോഴും മുമ്പെടുത്ത ഫോട്ടോ ഉപയോഗിച്ചുള്ള ചാരിറ്റി പിആര്‍ പ്രവര്‍ത്തനം ബോച്ചെ തുടര്‍ന്നു.

2017ല്‍ സ്ഥാപനത്തിലെ അറ്റകുറ്റപണികള്‍ നടത്തേണ്ട സാഹചര്യമുണ്ടായി. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടിപിടിയിലും ഭീഷണിയിലുമാണ് ചെന്നെത്തിച്ചത്. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ സ്ഥാപനത്തില്‍ തന്നെ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇതെല്ലാം ബോബി ചെമ്മണ്ണൂരിന്റെ കൈയ്യിലായിരുന്നുവെന്നും ആരോപണമുണ്ട്. അതുകൊണ്ട് തന്നെ സാമൂഹിക നീതി വകുപ്പ് പരിശോധനകള്‍ക്ക് സ്ഥാപനത്തിലെത്തിയാല്‍ രേഖകളില്ലാത്ത പ്രശ്‌നം നടത്തിപ്പുക്കാര്‍ക്കുണ്ടാകുമായിരുന്നു. സ്ഥാപനത്തില്‍ ഇല്ലാത്ത സ്റ്റാഫുകളുടെ പേരില്‍ കള്ളപ്പണ വെളുപ്പിക്കല്‍ നടന്നോ എന്ന സംശയവും ഈ സ്ഥാപനത്തിലുള്ളവര്‍ക്ക് ഇപ്പോഴുണ്ട്.

ഇതിനിടെ കാര്യങ്ങള്‍ മനസ്സിലാക്കി സ്ഥാപന ചുമതലയുള്ള ആളിനേയും മറ്റും സാമൂഹിക നീതി വകുപ്പ് തിരുവനന്തപുരത്തേക്ക് പലവട്ടം വിളിപ്പിച്ചു. എന്നാല്‍ അവര്‍ ആരും ഹാജരായില്ല. ഈ സാഹചര്യത്തിലാണ് സ്ഥാപന രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള സാമൂഹിക നീതി വകുപ്പിന്റെ നീക്കം. ഫലത്തില്‍ 15 വര്‍ഷമായി നടക്കുന്ന സ്ഥാപനം പ്രതിസന്ധിയിലായി. അന്തേവാസികളുടെ ആനുകൂല്യം പോലും മുടങ്ങുന്ന സ്ഥിതി.

‘സ്‌നേഹം കൊണ്ട് ലോകേ കീഴടക്കുക’-ഇതാണ് ബോബി ചെമ്മണ്ണൂരിന്റെ മുദ്രാവാക്യം. എന്നാല്‍ സ്‌നേഹ പ്രചരണത്തിലൂടെ തന്റെ കച്ചവടം കൊഴുപ്പിക്കുകയാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കമെന്നാണ് ഈ വിഷയം അടക്കം തെളിയിക്കുന്നത്.