ഡോ. വി. വേണു പടിയിറങ്ങുന്നതിനുപിന്നാലെ ഭാര്യ ശാരദാ മുരളീധരൻ ചീഫ് സെക്രട്ടറിയാവും. സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആസൂത്രണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ആസൂത്രണബോർഡ് മെമ്പർ സെക്രട്ടറിയുമാണ് ശാരദാ മുരളീധരൻ.
ഭർത്താവിനുതൊട്ടുപിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിസ്ഥാനത്ത് എത്തുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യം. ചീഫ് സെക്രട്ടറിയായിരുന്ന വി. രാമചന്ദ്രനുശേഷം ഭാര്യ പത്മാ രാമചന്ദ്രനും ബാബു ജേക്കബിനുശേഷം ഭാര്യ ലിസി ജേക്കബും വർഷങ്ങൾക്കുശേഷം ഇതേ പദവിയിൽ എത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 31-നാണ് ഡോ. വി. വേണു വിരമിക്കുന്നത്. ഇരുവരും 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥരാണ്. മനോജ് ജോഷി കേന്ദ്രസർവീസിൽ തുടരുന്ന സാഹചര്യത്തിലാണ് ശാരദാ മുരളീധരനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. 2025 ഏപ്രിൽവരെ തുടരാനാകും. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ്. തദ്ദേശ, ഗ്രാമവികസനരംഗത്ത് ഒട്ടേറെ പദ്ധതികൾക്ക് ചുക്കാൻപിടിച്ചിട്ടുള്ള അവർ കുടുംബശ്രീവഴി സ്ത്രീശാക്തീകരണം, ദാരിദ്ര്യനിർമാർജനം തുടങ്ങിയവ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.