Breaking news
7 Oct 2024, Mon

ട്രയിനിലെ ഫോട്ടോയും നാഗര്‍കോവിലിലെ സിസിടിവിയും നിര്‍ണ്ണായകമായി; വിശാഖപട്ടണം മലയാളി സമാജം സൂപ്പര്‍

പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നേരത്ത തെരച്ചിലിനൊടുവിലാണ് ഇന്നലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലാണുള്ളത്.

കഴക്കൂട്ടത്തുനിന്നു വീടുവിട്ടിറങ്ങിപ്പോയ അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായകമായത് സഹയാത്രക്കാരി എടുത്ത ആ ചിത്രം. ഇതിനൊപ്പം നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി കിട്ടിയതും നിര്‍ണ്ണായകമായി. ഇതോടെയാണ് പെണ്‍കുട്ടി തീവണ്ടിയിലുണ്ടെന്ന സൂചന ലഭിച്ചത്. ഇതിന് പിറകേയുള്ള യാത്രയാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്.

മലയാളിയുടെ കരുത്തിന് തെളിവ് കൂടിയായി ഈ പെണ്‍കുട്ടിയെ കണ്ടെത്തിയ ഇടപെടല്‍. വിശാഖപട്ടണത്തെ മലയാളി സമാജവും സമാനതകളില്ലാത്ത ഇടപെടല്‍ നടത്തി. കന്യാകുമാരിയിലേക്കുള്ള തീവണ്ടിയില്‍ കണ്ടതായി കുട്ടിയെ കണ്ടെന്നത് സ്ഥിരീകരിച്ചത് അമരവിള സ്വദേശിനിയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കന്യാകുമാരിക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസില്‍ തമ്പാനൂരില്‍നിന്ന് നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്നാണ് അമരവിള സ്വദേശിനി ബബിത പോലീസിനെ അറിയിച്ചത്. ഈ കുട്ടിയുടെ ഫോട്ടോയും എടുത്തിരുന്നു. അത് കൈമാറിയതോടെ പെണ്‍കുട്ടിയുടെ യാത്ര കന്യാകുമാരിയിലേക്കെന്ന് ഉറപ്പിച്ചു.

അതുവരെ പാലക്കാട്ട് റൂട്ടിലായിരുന്നു പോലീസ് പരിശോധന. എതിര്‍ റൂട്ടിലെ യാത്ര അറിഞ്ഞതോടെ അന്വേഷണത്തിന് വ്യക്തമായ ദിശാബോധം വന്നു. തിരുവനന്തപുരത്തുനിന്ന് അസമിലെ സില്‍ച്ചറിലേക്കുപോയ അരുണോയ് എക്സ്പ്രസിലുണ്ടെന്ന് ചൊവ്വാഴ്ച രാത്രി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, തീവണ്ടി പാലക്കാട്ടെത്തിയപ്പോള്‍ ആര്‍.പി.എഫും പോലീസ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച പുലര്‍ച്ചെ ടെലിവിഷനില്‍ സ്‌ക്രോള്‍ചെയ്ത വാര്‍ത്ത കണ്ടതോടെയാണ് ബബിത, സൂചനകള്‍ പോലീസിനു കൈമാറിയത്.

ചൊവ്വാഴ്ച ഐലന്‍ഡ് എക്‌സ്പ്രസില്‍ തമ്പാനൂരില്‍നിന്ന് നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംശയാസ്പദമായ നിലയില്‍ പെണ്‍കുട്ടിയെ ബബിത കണ്ടത്.

എന്നാല്‍ കന്യാകുമാരിയില്‍ പെണ്‍കുട്ടിയെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി അന്വേഷണം വഴി തെറ്റിച്ചു. ഇതിനിടെയാണ് നാഗര്‍കോവിലിലെ സിസിടിവിയില്‍ പെണ്‍കുട്ടി പതിഞ്ഞത്. ഇതോടെ തീവണ്ടിയിലുണ്ടെന്ന് ഉറപ്പായി. പിന്നീട് കന്യാകുമാരി സ്റ്റേഷനിലും പെണ്‍കുട്ടിയുടെ ചിത്രം കിട്ടി. തീവണ്ടിയില്‍ തന്നെ ഈ കുട്ടി തുടരുന്നതായി ഇതോടെ മനസ്സിലായി. അങ്ങനെ അന്വേഷണം ചെന്നൈയിലേക്ക് നീണ്ടു. അസമിലേക്ക് പെണ്‍കുട്ടി പോകാനുള്ള സാധ്യത മനസ്സിലാക്കി. വിശാഖപട്ടണത്തെ സുമനസ്സുകള്‍ താംബരം എക്‌സ്പ്രസില്‍ അടക്കം പരിശോധന നടത്തി. ഇതോടെ പെണ്‍കുട്ടി സുരക്ഷിത കരങ്ങളിലെത്തി.

തിരുവനന്തപുരത്തു മെഡിക്കല്‍ കോഡിങ് പഠിക്കുന്ന ബബിത ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്കു പോകാന്‍ കൂട്ടുകാരുമൊത്ത് ബെംഗളൂരു കന്യാകുമാരി എക്‌സ്പ്രസില്‍ കയറിയത്. എതിര്‍സീറ്റില്‍ കണ്ണീര്‍ തുടച്ചുകൊണ്ടു സങ്കടഭാവത്തിലിരിക്കുന്നതു കണ്ടാണ് പെണ്‍കുട്ടിയെ ബബിത ശ്രദ്ധിച്ചത്. മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തതും അതുകൊണ്ടാണ്. ഇതു കണ്ട് പെണ്‍കുട്ടി ദേഷ്യപ്പെടുകയും ചെയ്തു. പിന്നിലെ സീറ്റില്‍ കുട്ടികളടക്കം കുറച്ച് ഇതരസംസ്ഥാന യാത്രക്കാരുണ്ടായിരുന്നു. അവരുടെ കൂടെയുള്ള കുട്ടിയാകാമെന്നും വഴക്കിട്ടതാകാമെന്നുമാണ് കൂട്ടുകാര്‍ പറഞ്ഞത്. ബബിത നെയ്യാറ്റിന്‍കരയിലും കൂട്ടുകാര്‍ പാറശാലയിലുമിറങ്ങി. അപ്പോഴും പെണ്‍കുട്ടി ട്രെയിനിലുണ്ടായിരുന്നു. കന്യാകുമാരിയിലെ ട്രെയിന്‍ ശുചീകരണത്തൊഴിലാളി, ഓട്ടോ ഡ്രൈവര്‍ എന്നിവരും കുട്ടിയെ കണ്ടതായി മൊഴി നല്‍കി.

പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നേരത്ത തെരച്ചിലിനൊടുവിലാണ് ഇന്നലെ വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒ യുടെ സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരുന്നു. അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് വഴി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.