Breaking news
4 Oct 2024, Fri

മനാഫ് വധക്കേസിൽ പി.വി അൻവറിനെ ശിക്ഷിക്കണമെന്ന സർക്കാർ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കെ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഉദ്ഘാടകനാക്കിയതിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മനാഫിന്റെ കുടുംബം

മലപ്പുറം : മനാഫ് വധക്കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി അൻവർ എം.എൽ.എക്ക് പരമാവധി ശിക്ഷ നൽകണമെന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, അൻവറിൻ്റെ സഹോദരീപുത്രൻമാരുടെ വിചാരണ നടന്നുകൊണ്ടിരിക്കെ അൻവറിനെകൊണ്ട് പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യിച്ച പോലീസ് നടപടി നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്നതാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരസെക്രട്ടറിക്കും മനാഫിൻ്റെ കുടുംബം പരാതി നൽകും.

പി.വി അൻവർ എം.എൽ.എയുടെ സഹോദരീപുത്രൻമാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ്. സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് അടക്കം നാല് പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ നടന്നുകൊണ്ടിരിക്കുകയാണ്. സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരെ അടക്കം വിസ്‌തരിക്കാനുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും വേണ്ടിയാണ് ക്രിമിനൽ കേസുകളിലും ഭൂമിതട്ടിയെടുക്കലിലുമടക്കം പ്രതിയാവുകയും ചെയ്‌ത പി.വി അൻവറിനെ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഉദ്ഘാടകനാക്കിയതെന്നത് ആശങ്കപ്പെടുത്തുന്നതാണ്. മണ്ണെടുക്കുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കാത്തതിന് ജില്ലാ പോലീസ് മേധാവിയെ അടക്കം ആക്ഷേപിക്കുന്ന അൻവർ താൻ ശക്തനാണെന്നും തനിക്കെതിരെ സാക്ഷി പറയുന്ന പോലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. മനാഫ് വധക്കേസിൽ അൻവറിൻ്റെ സഹോദരീപുത്രൻമാരായ 2 പ്രതികളെ 25 വർഷത്തോളം അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചത് മലപ്പുറത്തെ പോലീസാണ്. മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് നിയമപോരാട്ടത്തിനൊടുവിലാണ് ഇവർ പിടിയിലായത്.

1995 ഏപ്രിൽ 13-ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ പതിനൊന്നരയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകനായ പള്ളിപ്പറമ്പൻ മനാഫിനെ തടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.

നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കുകയോ മറ്റുള്ളവരെ വിസ്ത‌രിച്ച് പ്രതികൾക്ക് ശിക്ഷവാങ്ങിനൽകാൻ ശ്രമിക്കാതെ പ്രോസിക്യൂട്ടർ സി. ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചതായി കുടുംബം അന്ന് തന്നെ ആരോപിച്ചിരുന്നു.

പി.വി അൻവർ എം.എൽ.എയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലിനൊപ്പം സഹോദരൻ അബ്ദുൽ റസാഖിൻ്റെ റിവിഷൻ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

കേസിൽ പി.വി അൻവറിൻ്റെ രണ്ട് സഹോദരീപുത്രൻമാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിൻ്റെ സഹോദരൻ അബ്ദുൽ റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇൻ്റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2010 ജൂലൈ 25ന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്. പി.വി അൻവർ എം.എൽ.എയുടെ സഹോദരീപുത്രനായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കഴിഞ്ഞ 25 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഷാർജയിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.

നിയമത്തിന്റെ കാവൽക്കാരാകേണ്ട പോലീസ് സേന ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയതിന് പ്രതിയാവുകയും നിയമലംഘനം നടത്തിയതിന് ഹൈക്കോടതിയുടെ അടക്കം നടപടി നേരിടേണ്ടി വരികയും ചെയ്ത പി.വി അൻവറിനെ പോലീസുകാരുടെ ഔദ്യോഗിക സംഘടനയുടെ ഉദ്ഘാടകനാക്കി ആദരിക്കുന്നത് നിയമത്തെ ബഹുമാനിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്നും കുറ്റപ്പെടുത്തി.

മനാഫിന്റെ പിതൃസഹോദരൻ പള്ളിപ്പറമ്പൻ അബൂബക്കർ, മനാഫിന്റെ സഹോദരങ്ങളായ പള്ളിപ്പറമ്പൻ മൻസൂർ, പള്ളിപ്പറമ്പൻ ഫാത്തിമ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.