Breaking news
7 Oct 2024, Mon

ജിയോയുടെ നീക്കം എതിരാളികള്‍ക്ക് തിരിച്ചടിയാകും

വരും ദിവസങ്ങളില്‍ നിരക്ക് കുറഞ്ഞ ഡേറ്റ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ജിയോയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ അടുത്തിടെയാണ് താരിഫ് വര്‍ധിപ്പിച്ചത്. നഷ്ടം വര്‍ധിക്കുന്നുവെന്ന കാരണം പറഞ്ഞായിരുന്നു സ്വകാര്യ കമ്പനികള്‍ നിരക്കു വര്‍ധിപ്പിക്കാന്‍ ഒന്നിച്ചത്. പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതുമില്ല. നിരക്ക് വര്‍ധന വന്നതോടെ വോഡഫോണ്‍ ഐഡിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വരിക്കാരെ വ്യാപകമായി നഷ്ടപ്പെട്ടിരുന്നു.

ഒന്നിലേറെ നമ്പറുകള്‍ ഉപയോഗിച്ചിരുന്നവര്‍ കൂടുതല്‍ നമ്പറുകള്‍ റീചാര്‍ജ് ചെയ്തിരുന്ന രീതി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കളം പന്തിയല്ലെന്ന് മനസിലാക്കിയ റിലയന്‍സ് ജിയോ പ്രതിസന്ധി മറികടക്കാന്‍ പുതിയ ഓഫറുമായി രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.

198 രൂപയുടെ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ ഇപ്പോള്‍. അണ്‍ലിമിറ്റഡ് 5ജി ഡേറ്റ നല്കുന്നതാണ് പുതിയ ഓഫര്‍. മുമ്പ് 349 രൂപയ്ക്ക് നല്‍കിയിരുന്ന അതേ സേവനങ്ങളാണ് കുറഞ്ഞ നിരക്കില്‍ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 

വരും ദിവസങ്ങളില്‍ നിരക്ക് കുറഞ്ഞ ഡേറ്റ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ജിയോയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന. മറ്റ് കമ്പനികള്‍ക്കൊപ്പം നിരക്ക് കൂട്ടിയ ശേഷം കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തല്‍.

പ്രതിദിനം 2 ജി.ബി

198 രൂപയുടെ പ്ലാനിനൊപ്പം പ്രതിദിനം 2 ജി.ബിയുടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 14 ദിവസത്തേക്കാണ് ഈ പ്ലാന്‍. കുറഞ്ഞ കാലം ഇന്റര്‍നെറ്റ് ആവശ്യമുള്ളവരെ ഉദ്ദേശിച്ചാണ് ജിയോ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് നിരക്ക് വര്‍ധിപ്പിച്ച ശേഷം വരിക്കാരെ പിടിച്ചു നിര്‍ത്താന്‍ ചെറിയ മറ്റ് ചില പ്ലാനുകള്‍ കൂടി ജിയോ അവതരിപ്പിച്ചിരുന്നു. 

വോഡാഫോണിന് കനത്ത നഷ്ടം

ജൂണില്‍ വരിക്കാരുടെ എണ്ണത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തി വോഡാഫോണ്‍ ഐഡിയ. 8,60,889 വരിക്കാരാണ് വോഡാഫോണിനെ ഉപേക്ഷിച്ച് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് മാറിയത്. ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികള്‍ക്കാണ് ഈ കാലയളവില്‍ വരിക്കാരെ കൂടുതല്‍ ലഭിച്ചത്. ജിയോയ്ക്ക് 19 ലക്ഷത്തിലേറെ പുതിയ വരിക്കാരെ കിട്ടി. എയര്‍ടെല്ലിന് 12 ലക്ഷത്തിലധികമാണ് ജൂണില്‍ ലഭിച്ച പുതിയ വരിക്കാര്‍.

#jio #airtel #vodafone #bsnl