സെലെന്‍സ്‌കിയുമായി നിര്‍ണായക കൂടിക്കാഴ്ച
കീവ്: ചരിത്രപരമായ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയ്നിലെത്തി. 10 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രെയിന്‍ യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം യുക്രൈയ്ന്‍ തലസ്ഥാനമായ കീവിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന് താമസസൗകര്യമൊരുക്കിയ ഹോട്ടലിന് മുന്‍പില്‍ ഇന്ത്യക്കാര്‍ എത്തിയിരുന്നു. അവരെ അഭിവാദ്യം ചെയ്ത് ശേഷം മോദി ഹോട്ടലിലേക്ക് വിശ്രമിത്തിനായി പോയി.
പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് നരേന്ദ്ര മോദി യുക്രൈനിലെത്തിയത്. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി തീവണ്ടിയിലാണ് യുക്രൈനിലേക്കു പോകുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
1991-ല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് യുക്രൈന്‍ സ്വതന്ത്രമായതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരമാണ് മോദി യുക്രൈനില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയത്.
യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതില്‍ സെലന്‍സ്‌കിയടക്കമുള്ള പശ്ചാത്ത്യ രാജ്യ നേതാക്കള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുക്രൈനിലെത്തുന്നത്.
യുക്രൈനിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കടുത്ത ആശങ്കയറിയിച്ചിരുന്നു. ഒരു പ്രശ്നവും യുദ്ധഭൂമിയില്‍ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമാധാനവും സുസ്ഥിതിയും പുനഃസ്ഥാപിക്കാനുള്ള സംവാദത്തെയും നയതന്ത്രത്തെയും ഇന്ത്യ പിന്തുണയ്ക്കുന്നു. ഇതിനായി സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യയും സുഹൃദ്രാജ്യങ്ങളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിനൊപ്പം വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോദിയുടെ പ്രസ്താവന. അതിനുമുന്‍പ് ഇരുവരും ചര്‍ച്ചനടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്കുയര്‍ത്താനുള്ള വഴികള്‍ രണ്ടുപേരും ചര്‍ച്ചചെയ്തിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുക്രൈയ്ന്‍ സന്ദര്‍ശനം യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറലിന്റെ ഓഫീസ് അറിയിച്ചു. യുക്രൈയ്നിലെ റഷ്യന്‍ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ലെങ്കിലും, ”ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍, മേഖലയില്‍ സമാധാനവും സ്ഥിരതയും വേഗത്തില്‍ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയിലാണ് എല്ലാവരും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.