ഹേമ കമ്മിറ്റി റിപ്പോർട്ടും അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന തുടർച്ചലനങ്ങളും മലയാളസിനിമാമേഖലയിൽ അവശ്യംവേണ്ടതായ ശുദ്ധീകരണത്തിനു നിമിത്തമാകട്ടെ എന്നാണ് ഈ ഘട്ടത്തിൽ പ്രത്യാശിക്കുന്നത്. ദേശീയവും അന്തർദേശീയവുമായ നിലവാരവും സിദ്ധികളുമുള്ള അഭിനേതാക്കളും സാങ്കേതികവിദഗ്ധരുമുള്ള മേഖലയാണ് മലയാളസിനിമ. അത്തരമൊരു മേഖലയിൽ സ്ത്രീകൾക്ക് സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും പണയംവെച്ചുമാത്രമേ പ്രവർത്തിക്കാനാകൂ എന്നുവരുന്നത് അപലപനീയമാണ്.#Hema Committee Report #wcc #malayalam film industry
മലയാള ചലച്ചിത്രരംഗത്ത് വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് കേരളസമൂഹത്തിലുണ്ടാക്കിയത് വലിയ പ്രകമ്പനമാണ്. ഈ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്കു തുടക്കമിടാനുള്ള ഉത്‌പ്രേരകമായി ഇതു പ്രവർത്തിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. സംസ്ഥാന വിവരാവകാശക്കമ്മിഷന്റെ ഉത്തരവും ഹൈക്കോടതിയുടെ ഇടപെടലുമാണ് റിപ്പോർട്ട് ഭാഗികമായെങ്കിലും പുറത്തുവരാനിടയാക്കിയത്.
സ്ഫോടനാത്മകമായ ആ റിപ്പോർട്ട് പൊതുമണ്ഡലത്തിലെത്തിയതോടെ മലയാളസിനിമാരംഗത്തെ പ്രമുഖർക്കെതിരേ ഹോളിവുഡിലെയുംമറ്റും ‘മീ ടൂ’ (ഞാനും പീഡനത്തിനിരയായി) വെളിപ്പെടുത്തലുകളുടെ മാതൃകയിൽ പരസ്യമായ ആരോപണങ്ങളുമായി ചില വനിതകൾ മുന്നോട്ടുവന്നിരിക്കുന്നു. സംവിധായകൻ രഞ്ജിത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും നടൻ സിദ്ദിഖിന് താരസംഘടനയായ ‘അമ്മ’(അസോസിയേഷൻ ഓഫ് മലയാളം മൂവീ ആർട്ടിസ്റ്റ്‌സ്)യുടെ ജനറൽ സെക്രട്ടറിപദവിയും രാജിവെക്കേണ്ടിവന്നത് തത്ഫലമായാണ്. #Hema Committee Report #wcc #malayalam film industry
ബംഗാളി നടി ശ്രീലേഖാ മിത്രയാണ് രഞ്ജിത്തിനെതിരേ കഴിഞ്ഞദിവസം ആരോപണമുന്നയിച്ചത്. ഏതാനുംവർഷംമുൻപ് സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയശേഷം മോശം ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണു നടി പറഞ്ഞത്. രഞ്ജിത്ത് ഈ ആരോപണത്തോട് ആദ്യം പ്രതികരിച്ചത്, ‘ഞാൻ ഇരയും അവർ വേട്ടക്കാരിയുമാണ്’ എന്ന പരാമർശത്തോടെയാണ്. രഞ്ജിത്തിനെ ന്യായീകരിക്കുന്നതരത്തിലായിരുന്നു സാംസ്കാരികമന്ത്രി സജി ചെറിയാന്റെയും പ്രതികരണം. പക്ഷേ, സർക്കാർ പിന്നീട് നിലപാടുമാറ്റുകയും രഞ്ജിത്തിനോട് രാജി ആവശ്യപ്പെടുകയുമായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനോടുള്ള പ്രതികരണമറിയിക്കാൻ കഴിഞ്ഞദിവസം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ താരസംഘടനയുടെ മുഖമായെത്തിയത് ജനറൽ സെക്രട്ടറിയായ സിദ്ദിഖായിരുന്നു. തൊട്ടടുത്തദിവസമാണ്, സിദ്ദിഖ് വർഷങ്ങൾക്കുമുൻപ് പീഡിപ്പിച്ചെന്ന ആരോപണവുമായി യുവനടി രംഗത്തെത്തിയത്. ഹോട്ടൽമുറിയിൽവെച്ച് ഹീനമായി പെരുമാറിയെന്നും പല സുഹൃത്തുക്കൾക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും അതിജീവിത പറഞ്ഞു. ഇതേത്തുടർന്നാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറിസ്ഥാനം ഒഴിയുന്നതായി സംഘടനയുടെ അധ്യക്ഷൻ മോഹൻലാലിന് സിദ്ദിഖ് സന്ദേശമയച്ചത്.
സിനിമയിൽ കലയാണു പ്രാമാണ്യത്തോടെ വാഴേണ്ടത്. തുല്യത പരിലസിക്കുന്ന കർമമേഖലയായി മലയാളസിനിമ മാറേണ്ടതുണ്ട്. ആ പരിശ്രമം സിനിമാമേഖലയ്ക്കുള്ളിൽനിന്നുതന്നെ ഉയർന്നുവരുന്നതാണ് ഏറ്റവും നല്ലത്. താരങ്ങളുടെയും സാങ്കേതികപ്രവർത്തകരുടെയും നിർമാതാക്കളുടെയും സംഘടനകൾ അത്തരമൊരു യത്നത്തിനായി മുന്നോട്ടുവരണം, ഏകമനസ്സോടെ പ്രവർത്തിക്കണം. ‘അമ്മ’യുടെ പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നതും നന്നാവും. ആ ശുദ്ധീകരണപ്രക്രിയക്കു വേണ്ടിവരുന്ന എല്ലാ സഹകരണവും സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്നുണ്ടാവുകയുംവേണം.
#Hema Committee Report #wcc #malayalam film industry