കഴക്കൂട്ടത്തുനിന്നു കാണാതായ ശേഷം വിശാഖപട്ടണത്ത് കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയുമായി പോലീസ് സംഘം തിരുവനന്തപുരത്തെത്തി. വിശാഖപട്ടണത്തുനിന്ന് കേരള എക്സ്പ്രസിലാണ് തിരുവനന്തപുരത്തെത്തിച്ചത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുപ്പെടുത്തു. പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്.
സിഡബ്ല്യുസിയുടെ തിങ്കളാഴ്ചത്തെ ഹിയറിങിന് ശേഷമാകും കുട്ടിയെ ആര്‍ക്ക് കൈമാറണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. കഴക്കൂട്ടത്തുനിന്ന് കാണാതായി 37 മണിക്കൂറിനു ശേഷമാണ് 13കാരിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കഴക്കൂട്ടത്തുനിന്നു കുട്ടിയെ കാണാതായത്. മലയാളി സമാജം അംഗങ്ങളാണ് താംബരം എക്സ്പ്രസിലെ ബര്‍ത്തില്‍ ഒറ്റയ്ക്കു കിടക്കുകയായിരുന്ന കുട്ടിയെ വിശാഖപട്ടണത്തുവെച്ച് തിരിച്ചറിഞ്ഞത്.
വിശാഖപട്ടണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഹോമിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ആന്ധ്രയിലെത്തിയാണ് കുട്ടിയെ തിരിച്ചുകൊണ്ടുവന്നത്. അമ്മ അടിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയതാണെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും ഉറപ്പു നല്‍കിയാണ് കുട്ടി കേരളത്തിലേക്കു തിരിച്ചതെന്നു സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
അസം ബാലിക ഗൂഢ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. ഒരു സംഘം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വിശാഖപട്ടണത്ത് കണ്ടെത്തിയ കുട്ടിയെ കൂട്ടികൊണ്ടുപോകാന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ എത്തിയപ്പോഴാണ് അവകാശവാദവുമായി ഒരു സംഘം രംഗത്ത് എത്തിയത്.
എന്നാല്‍, നേരത്തേ പോലീസ് പുറത്തിറക്കിയ വിവരങ്ങളും മാധ്യമവാര്‍ത്തകളും അറിഞ്ഞിരുന്ന പ്രതിനിധികള്‍ അത് അവഗണിച്ചുകൊണ്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ട്രെയിനിന്റെ മുന്‍നിരയില്‍ ഒരു പറ്റം പുരുഷന്മാരാണ് കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. കുട്ടിക്ക് വേണ്ടി അവകാശവാദവുമായി രംഗത്തുവന്ന ഇവരെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കള്ളിപൊളിഞ്ഞത്.
ട്രെയിനിലെ ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടി തീരെ അവശയുമായിരുന്നു. രണ്ടു ദിവസമായി ആഹാരം കഴിച്ചിരുന്നില്ല. കഴിഞ്ഞദിവസം ട്രെയിനില്‍ കയറിയതു മുതല്‍ വെള്ളംമാത്രമാണു കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്.