ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി. ഓപ്പറേഷൻ താമരയ്ക്ക് ശ്രമിക്കുന്നതായി ആരോപിച്ച് മാണ്ഡ്യയിലെ കോൺഗ്രസ് എം.എൽ.എ. രവികുമാർ ഗൗഡ (രവി ഗണിഗ). 100 കോടി രൂപയാണ് ബി.ജെ.പി. വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, കോൺഗ്രസിലെ ഒരു എം.എൽ.എ. പോലും ഇതിൽ വീഴില്ലെന്നും സർക്കാർ സ്ഥിരവും ശക്തവുമാണെന്നും രവികുമാർ ഗൗഡ പറഞ്ഞു.
രണ്ടുദിവസം മുമ്പ് തന്നെ ഒരാൾ വിളിച്ച് പണം തയ്യാറാണെന്നും 50 കോൺഗ്രസ് എം.എൽ.എ. മാരെ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. എന്നാൽ, 100 കോടി രൂപ കൈയിൽത്തന്നെ വെച്ചോളാൻ മറുപടി നൽകുകയായിരുന്നു. വിളിച്ചയാളുടെ സംഭാഷണം കൈവശമുണ്ട്. തങ്ങൾ തെളിവുകൾ ശേഖരിക്കുകയാണ്. ഇത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി.) സി.ബി.ഐ. ക്കും കൈമാറും. ശരിയായ സമയത്ത് എല്ലാം പുറത്തുവിടും.- അദ്ദേഹം പറഞ്ഞു.
കർണാടകത്തിൽനിന്നുള്ള ബി.ജെ.പി. ദേശീയ ഭാരവാഹിയും മൂന്നു കേന്ദ്രമന്ത്രിമാരുമാണ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ, 136 എം.എൽ.എ. മാരുമായി കോൺഗ്രസ് പാറ പോലെ ശക്തമാണ്. എല്ലാ ദിവസവും സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത 50 കോടി രൂപയിൽനിന്ന് 100 കോടി രൂപയായി വാഗ്ദാനം അവർ ഉയർത്തി. പക്ഷേ സർക്കാരും മുഖ്യമന്ത്രിയും ശക്തമാണെന്നും രവികുമാർ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലും ബി.ജെ.പി. ഓപ്പറേഷൻ താമരയ്ക്ക് ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. അന്ന് 50 കോടി രൂപയും മന്ത്രിസ്ഥാനവുമായിരുന്നു വാഗ്ദാനം ചെയ്തത്. നാല് എം.എൽ.എ. മാരെ ബി.ജെ.പി. ബന്ധപ്പെട്ടിരുന്നുവെന്നും ഇതിന് തെളിവുണ്ടെന്നും കഴിഞ്ഞവർഷം രവികുമാർ ഗൗഡ വെളിപ്പെടുത്തിയിരുന്നു.