പാരീസ്: മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവ് (39) ഫ്രാൻസിൽ അറസ്റ്റിലായി. ശനിയാഴ്ച വൈകീട്ട് പാരീസിനടുത്തുള്ള ബുർഗെ വിമാനത്താവളത്തിലാണ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തിന്റെ പേരിൽ ഫ്രാൻസിൽ അറസ്റ്റുവാറന്റുണ്ടായിരുന്നു.
ടെലിഗ്രാമിനെ ക്രിമിനൽക്കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ചാണ് നടപടി. ദുബായിൽ താമസിക്കുന്ന ദുറോവ്, അസർബയ്ജാനിൽനിന്ന് സ്വകാര്യജെറ്റിൽ പാരീസിലെത്തിയതായിരുന്നു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കി.
അറസ്റ്റിന്റെ കാരണം വിശദീകരിക്കാനും ദുറോവിന്റെ അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്താനും നയതന്ത്രസേവനങ്ങൾ ലഭ്യമാക്കാനും ഫ്രഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അവർ സഹകരിക്കാൻ തയ്യാറായില്ലെന്ന് ഫ്രാൻസിലെ റഷ്യൻ സ്ഥാനപതികാര്യാലയം പറഞ്ഞു.
വിദ്വേഷപരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ ടെലിഗ്രാം പരാജയപ്പെട്ടെന്നും അത് കുറ്റകൃത്യങ്ങൾക്ക് പ്രേരണയേകിയെന്നുമാണ് ദുറോവിന്റെ പേരിലുള്ള കുറ്റം. റഷ്യൻ വംശജനായ ദുറോവിന് ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും ദുബായിലാണ് താമസം. ടെലിഗ്രാമിന്റെ ആസ്ഥാനവും ഇവിടെയാണ്. 2013-ൽ സഹോദരൻ നിക്കോളയുമായി ചേർന്നാണ് ദുറോവ് ടെലിഗ്രാം സ്ഥാപിച്ചത്. ഇന്ന് നൂറുകോടിക്കടുത്ത് സക്രിയ ഉപയോക്താക്കളുണ്ടതിന്. യുക്രൈനിലും റഷ്യയിലുമാണ് കൂടുതൽ. 1550 കോടി ഡോളറാണ് (12.99 ലക്ഷം കോടി രൂപ) ദുറോവിന്റെ ആസ്തി.
ടെലിഗ്രാമിനുമുൻപ് ‘വികോൺടാക്ടെ’ എന്ന പേരിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോം ദുറോവ് സ്ഥാപിച്ചിരുന്നു. അതിലെ പ്രതിപക്ഷവുമായി ബന്ധപ്പെട്ട കമ്യൂണിറ്റികൾ പൂട്ടണമെന്ന റഷ്യൻ ഭരണകൂടനിർദേശം പാലിക്കാതെ 2014-ൽ ദുറോവ് മോസ്കോ വിടുകയായിരുന്നു. പിന്നീട് ആ ആപ്ലിക്കേഷൻ വിറ്റു. 2022-ൽ റഷ്യ, യുക്രൈനിൽ അധിനിവേശമാരംഭിച്ചപ്പോൾ യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകളും ദൃശ്യങ്ങളും സെൻസർ ചെയ്യാതെ ഏറ്റവുംകൂടുതൽ പ്രചരിച്ചത് ടെലിഗ്രാമിലൂടെയാണ്. അതിൽ ചിലതൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന ആരോപണം നിലനിന്നിരുന്നു.