Breaking news
7 Oct 2024, Mon

വയനാട് പുനരധിവാസം; മുഹമ്മദന്‍സ് നാളെ മലപ്പുറത്തെത്തും, ISL ടീം ഏറ്റുമുട്ടുക സൂപ്പര്‍ലീഗ് കേരളയുമായി

‘കാല്‍പ്പന്തുകൊണ്ട് വയനാടിന്റെ കൈപിടിക്കാം’

മലപ്പുറം: ഐ.എസ്.എല്‍. ടീമായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബ് ബുധനാഴ്ച മലപ്പുറത്തെത്തും. വയനാടിനെ ചേര്‍ത്തുനിര്‍ത്താന്‍ ‘കാല്‍പ്പന്തുകൊണ്ട് വയനാടിന്റെ കൈപിടിക്കാം’ എന്ന ചാരിറ്റി മാച്ചിന്റെ ഭാഗമായാണ് മുഹമ്മദന്‍സ് വീണ്ടും മലപ്പുറത്തെത്തുന്നത്. ഇതിനുമുന്‍പ് ഐ-ലീഗില്‍ ഗോകുലം കേരള എഫ്.സി.യുമായുള്ള പോരാട്ടത്തിനു കൊല്‍ക്കത്തന്‍ ടീം പയ്യനാട് എത്തിയിരുന്നു.

30-ന് വൈകീട്ട് 7.30-ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ സൂപ്പര്‍ലീഗ് കേരള ഇലവനാണ് മുഹമ്മദന്‍സിന്റെ എതിരാളികള്‍.

സൂപ്പര്‍ലീഗില്‍ കളിക്കുന്ന ആറു ക്ലബ്ബുകളുടെയും മികച്ച കളിക്കാരാകും ഈ ടീമില്‍. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മലയാളി താരങ്ങളെ ഉള്‍പ്പെടുത്തിയൊരു ഇലവനായും എ.ഐ.എഫ്.എഫ്. ശ്രമിച്ചിരുന്നെങ്കിലും ക്ലബ്ബുകളില്‍നിന്ന് അനുകൂല മറുപടി ലഭിക്കാത്തതിനാല്‍ ശ്രമം വിജയിച്ചില്ല.

കഴിഞ്ഞവര്‍ഷത്തെ ഐ-ലീഗ് ചാമ്പ്യന്മാരായ മുഹമ്മദന്‍സ് പ്രമോഷന്‍ നേടി ഈ സീസണ്‍ മുതല്‍ ഐ.എസ്.എല്ലിലാണ് മത്സരിക്കുന്നത്. ഐ ലീഗ് ടീമില്‍നിന്ന് കാര്യമായ മാറ്റങ്ങളുമായി ഐ.എസ്.എല്ലിനു ഒരുങ്ങുന്ന മുഹമ്മദന്‍സിന്റെ ഫസ്റ്റ് ഇലവന്‍തന്നെ മഞ്ചേരിയില്‍ പന്തുതട്ടുമെന്നാണ് വിവരം.

വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കു കൈത്താങ്ങാവാന്‍ നടത്തുന്ന പ്രദര്‍ശനമത്സരമായതുകൊണ്ട് ടിക്കറ്റ് എടുത്തുവരുന്ന കാണികളെ നിരാശരാക്കാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ടീമുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സംഘാടകര്‍ ഉറപ്പുനല്‍കുന്നു. ഫെഡറേഷന്‍ കപ്പ്, സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ഗാലറി നിറച്ച പയ്യനാട് സ്റ്റേഡിയം ചാരിറ്റി മാച്ചിനേയും ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഓണ്‍ലൈനിലൂടെ ടിക്കറ്റെടുക്കാം

അരക്കോടിയോളം രൂപ വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് എ.ഐ.എഫ്.എഫ്. ഉദ്ദേശിക്കുന്നത്. ടിക്കറ്റ്വില്പന ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുണ്ട്. പേടിഎം ഇന്‍സൈഡര്‍ ആപ്ലിക്കേഷനിലൂടെ ടിക്കറ്റുകള്‍ സ്വന്തമാക്കാം. 199 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 299, 399 (വി.ഐ.പി), 499 (വി.വി.ഐ.പി.) എന്നിങ്ങനെയാണ് ടിക്കറ്റ് വില. മത്സരദിവസം സ്റ്റേഡിയത്തില്‍ തയ്യാറാക്കുന്ന പ്രത്യേക കൗണ്ടര്‍ വഴിയും ടിക്കറ്റ് ലഭിക്കും.

വിദേശകരുത്തിനൊപ്പം മലപ്പുറം പെരുമയും

റഷ്യന്‍ ദേശീയ ടീമിന്റെ സഹപരിശീലകനും അണ്ടര്‍ 21 ദേശീയ ടീം മുഖ്യപരിശീലകനുമായി തിളങ്ങിയ ഷെര്‍ണിഷോവ് ആണ് മുഹമ്മദന്‍സിന്റെ പരിശീലകന്‍. അഞ്ചു പുതിയ വിദേശ താരങ്ങളെയാണ് ക്ലബ്ബ് ടീമിലെത്തിച്ചിരിക്കുന്നത്. മിര്‍ജാലോല്‍ കാസിമോവ് (ഉസ്ബൈക്കിസ്ഥാന്‍), അലക്‌സിസ് ഗോമസ് (അര്‍ജന്റീന), മുഹമ്മദ് ഖാദിരി (ഘാന), ഫ്രാന്‍സ (ബ്രസീല്‍), കാസര്‍ലോബി മന്‍സൂക്കി (ആഫ്രിക്ക) തുടങ്ങിയ താരങ്ങളാണ് ഈ സീസണില്‍ ടീമിനൊപ്പംചേര്‍ന്ന വിദേശീയര്‍. മലപ്പുറത്തിന്റെ സ്വന്തം താരങ്ങളായ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ജാസിം എന്നിവരും ടീമിനൊപ്പമുണ്ട്.

ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദന്‍സിന്റെ പ്രതിരോധനിരയില്‍ ഉറച്ചുനിന്ന രണ്ടുപേരാണ് ഈ മലപ്പുറത്തുകാര്‍.