പത്തരയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച
ന്യൂഡല്‍ഹി: കടക്കെണിയിലാണ് കേരളം. ഓണത്തിന് പോലും ചെലവുകള്‍ക്ക് 3000 കോടി കടമെടുക്കേണ്ട അവസ്ഥ. ഈ സാമ്പത്തിക വര്‍ഷം തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്ക് കടമെടുക്കാനുള്ള പരിധിയില്‍ 40 ശതമാനവും എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വയനാട്ടെ പുനരധിവാസം പിണറായി സര്‍ക്കാരിന് തലവേദനയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ അനിവാര്യതയാണ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പ്രത്യേക സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് കൈനിറയെ കിട്ടുമെന്ന പ്രതീക്ഷയിലാണ്. രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. #Pinarayi Vijayan #narendra Modi #wayanad package
മോദി മൂന്നാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മുഖ്യമന്ത്രി ആദ്യമായാണ് അദ്ദേഹവുമായി ഡല്‍ഹിയില്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. വയനാടിന് പ്രാഥമികസഹായമായി 900 കോടിരൂപ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം കേരളസര്‍ക്കാര്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ 2000 കോടിരൂപവരെ നഷ്ടമുണ്ടായതായാണ് കേരളം കണക്കാക്കുന്നത്. മേഖലകള്‍ തിരിച്ചുള്ള ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കി വിശദമായ നിവേദനം പിന്നീട് സമര്‍പ്പിക്കും. 2000 കോടിയും കേന്ദ്രം നല്‍കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
അതിനുമുന്‍പായി നിലവിലെ സ്ഥിതിഗതികളും മറ്റും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. എയിംസ് അടക്കമുള്ള വിഷയങ്ങളിലെ കേരളത്തിന്റെ നിലപാടും വിശദീകരിക്കും. കേരളത്തോട് കൂടുതല്‍ ഉദാര സമീപനമുണ്ടാകണമെന്ന ആവശ്യവും മുമ്പോട്ട് വയ്ക്കും. കേരളത്തിന്റെ പ്രതിസന്ധിയെ മോദി തിരിച്ചറിയുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. മോദിയുടെ വയനാട് സന്ദര്‍ശനം എല്ലാത്തിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. #Pinarayi Vijayan #narendra Modi #wayanad package
ഓണം കടമെടുപ്പ്, വന്യജീവി ആക്രമണത്തിലെ സഹായം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും ഉറപ്പു നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് വിശദമായ നിവേദനം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. മോദിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞ് 15 ദിവസമായിട്ടും കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്.
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്തബാധിതരെ നേരിട്ടു കണ്ട പ്രധാനമന്ത്രി, കല്‍പ്പറ്റയില്‍ ചേര്‍ന്ന അവലോകന യോഗത്തിലും പങ്കെടുത്തു. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉറപ്പു നല്‍കിയ മോദി, സംസ്ഥാന സര്‍ക്കാരിനോട് വിശദമായ നിവേദനം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. പക്ഷേ എല്ലാം ചെയ്തിട്ടും കേന്ദ്രം പ്രഖ്യാപനം നടത്തിയില്ല.
ജൂലൈ 30 നുണ്ടായ ഉരുള്‍പൊട്ടലില്‍ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ വാസയോഗ്യമല്ലാത്ത വിധമായിത്തീര്‍ന്നു. 416 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക ടൗണ്‍ഷിപ്പ് ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുന്നത്. #Pinarayi Vijayan #narendra Modi #wayanad package