ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ കേസ്. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഇന്നലെ കൊച്ചിയില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറും.
ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.
അന്വേഷണ സംഘത്തിന് മുമ്പാകെ ഏഴ് പേർക്കെതിരെയാണ് നടിയുടെ പരാതി. ഈ പരാതികളിലെ ആദ്യത്തെ കേസാണിത്. നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുകയായിരുന്നു.
നടിയുടെ പരാതിയില്‍ ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവരടക്കമുള്ളവര്‍ക്കെതിരെ ഇന്ന് കേസെടുക്കുമെന്നാണ് സൂചന. സംഭവം നടന്ന അതത് പൊലീസ് സ്റ്റേഷനുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഇവര്‍ക്ക് പുറമേ കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത്.