Breaking news
8 Oct 2024, Tue

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്ത് മരട് പൊലീസ്

നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.

നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റാണ് ജയസൂര്യക്കെതിരെ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തുകയായിരുന്നു.

നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുകയായിരുന്നു. ഇരുവര്‍ക്ക് പുറമെ ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. പത്ത് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.

ഏത് സ്ഥലത്ത് വെച്ച്, എന്ന്, എപ്പോള്‍ തുടങ്ങിയ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി നടി പറഞ്ഞു. 2008 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് സംഭവങ്ങളുണ്ടായതെന്നും നടി വ്യക്തമാക്കി. അതേസമയം നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴികള്‍ ഇന്ന് തന്നെ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറുമെന്നും എഐജി ജി പൂങ്കുഴലി വ്യക്തമാക്കി. കൃത്യം നടന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലായിരിക്കും കേസെടുക്കുക. രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും എഐജി കൂട്ടിച്ചേര്‍ത്തു.