Breaking news
4 Oct 2024, Fri

‘പേര് ഇതിലേക്ക് വഴിച്ചിഴക്കരുത്, പരാതി പിന്‍വലിക്കണം’; എംഎല്‍എയെ സ്വാധീനിക്കാന്‍ എസ്പിയുടെ ശ്രമം/ Pv Anwer, SP Sujith Das

മലപ്പുറം: പൊലീസ് ക്യാമ്പ് ഓഫീസില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന ആരോപണത്തില്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ എസ്പിയുടെ ശ്രമം. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് പി വി അന്‍വറുമായി നടത്തുന്ന ഫോണ്‍ സന്ദേശം ന്യൂസ് കേരള . ലൈവ് ന് ലഭിച്ചു. ക്യാമ്പ് ഓഫീസിലെ മരം മുറി കേസില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാണ് എസ്പിയുടെ അപേക്ഷ. 

‘എന്റെ പേര് ഇതിലേക്ക് വഴിച്ചിഴക്കരുത്. ദയവുചെയ്ത് എംഎല്‍എ എന്നെ വിശ്വസിക്കണം. എനിക്ക് മുമ്പ് നടന്ന കാര്യങ്ങളാണ് ഇതൊക്കെ. മഹാഗണിയൊന്നും മുറിച്ചിട്ടില്ല. പരാതി പിന്‍വലിക്കണം. എന്റെ അപേക്ഷയാണ്’, എന്നാണ് സുജിത് ദാസ് ഫോണിലൂടെ എംഎല്‍എയോട് ആവശ്യപ്പെടുന്നത്.

മരംമുറി പരിശോധിക്കാന്‍ കഴിഞ്ഞദിവസം ക്യാമ്പ് ഓഫീസിലെത്തിയ എംഎല്‍എയെ സിപിഒ തടഞ്ഞിരുന്നു. അനധികൃതമായി ആരെയും പ്രവേശിപ്പിക്കെല്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടര്‍ന്ന് എംഎല്‍എ മടങ്ങിയെങ്കിലും ഇന്ന് ക്യാമ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വലിയ പോസ്റ്റര്‍ ഉള്‍പ്പെടെ സ്ഥാപിച്ചാണ് ക്യാമ്പ് ഓഫീസിന് മുന്നില്‍ എംഎല്‍എ കുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ്. 2021ല്‍ എസ് സുജിത്ദാസ് മലപ്പുറം എസ്പി ആയിരിക്കെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. സോഷ്യല്‍ ഫോറസ്റ്റട്രി 56,000 രൂപ വില നിശ്ചയിച്ച മരങ്ങള്‍ ലേലം ചെയ്തത് 20,000 രൂപയ്ക്കാണ്. ലേലം ചെയ്തിട്ടും മരങ്ങള്‍ ആരും കൊണ്ടുപോയില്ല. എന്നാല്‍ മരത്തിന്റെ കാതലായ ഭാഗങ്ങള്‍ കടത്തി. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മരങ്ങള്‍ കൊണ്ടു പോയതായും പരാതിയില്‍ ആരോപിക്കുന്നു. മുറിച്ചു കടത്തിയത് മഹാഗണി, തേക്ക് മരങ്ങള്‍ ഉപയോഗിച്ച് ഫര്‍ണിച്ചര്‍ പണിത് കടത്തിയെന്നും പരാതിയില്‍ പറയുന്നു.