എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എംആര്‍ അജിത്കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിം ആണ് എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ എന്ന് സംശയിച്ചുപോകുന്നു. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.
സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ചോര്‍ത്തിയത് ഗതികേടിനാല്‍. കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാവും. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസര്‍മാര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നു. ക്രിമിനലുകള്‍. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാര്‍ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചേല്‍പ്പിച്ചു. എന്നാല്‍ ഉത്തരവാദിത്തം നിറവേറ്ററുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെട്ടില്ല. നോക്കി നിന്നു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അന്‍വര്‍ പറഞ്ഞു.
‘അജിത് കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോര്‍ഡ് ഉണ്ട് കൈയ്യില്‍. അപ്പുറത്ത് മറ്റൊരാളുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പില്‍ വരും. സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. മാമി എന്ന് പറയുന്ന കോഴിക്കോടത്തെ കച്ചവടക്കാരനെ ഒരുവര്‍ഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. അതും ഈ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍. എല്ലാം കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി. സുജിത് ദാസിനെ നിയന്ത്രിക്കുന്നത് എം ആര്‍ അജിത്കുമാറാണ്. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. നാല് ചായപ്പീടിക കൈകാര്യം ചെയ്യാനാകുമോ ഒരു വ്യക്തിക്ക്. ആ വ്യക്തിക്ക് 29 വകുപ്പിലും ഓരോ തലവന്മാരെ വച്ചിട്ടുണ്ട്.
വിശ്വസിച്ച് ഏല്‍പിച്ചത് പി ശശിയാണ്. ശശിക്ക് ഇതില്‍ പരാജയം സംഭവിച്ചു എന്ന് തന്നെ കരുതേണ്ടിവരും. അദ്ദേഹം അത് അനലൈസ് ചെയ്തിരുന്നെങ്കില്‍ ഇത്ര വലിയ കൊള്ള നടക്കില്ല. ശശിധരന്‍ കള്ളന് കഞ്ഞിവെച്ചു. മുഖ്യമന്ത്രി പിതാവിന്റെ സ്ഥാനത്ത്. അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം മകനെന്ന നിലയില്‍ അത് തടയിടും. കൊന്നും കൊല്ലിച്ചും പരിചയമുള്ള ടീമിനോടാണ് ഏറ്റുമുട്ടുന്നത്. തന്റെ ജീവന്‍ അപകടത്തിലാണ്. ഈ രീതിയില്‍ മുന്നോട്ട പോയാല്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടി വരും. പി വി അന്‍വര്‍ പാര്‍ട്ടിയെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇന്ദിരാഗാന്ധി പേഴ്‌സണല്‍ സ്റ്റാഫിനാല്‍ വെടിയേറ്റ് മരിച്ചതാണ്. മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല. പാര്‍ട്ടിക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നും പി വി അന്‍വര്‍ പറഞ്ഞു.