Breaking news
13 Oct 2024, Sun

മലയാള സിനിമയില്‍ പുരുഷാധിപത്യം, പറഞ്ഞ പ്രതിഫലം തരാറില്ല; തുറന്നടിച്ച് വിന്‍സി അലോഷ്യസ് Actress vincy aloshious says malayalam cinema is highly misogynistic, she didnt get full remuneration

കൊച്ചി: മലയാള സിനിമയില്‍ കടുത്ത പുരുഷാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിമര്‍ശനവുമായി നടി വിന്‍സി അലോഷ്യസ്. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമയിലെന്ന് വിന്‍സി പറയുന്നു. ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞുപരത്തുന്നത് പതിവാണെന്നും, ഇതിന് പിന്നില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആണെന്നും നടി പറഞ്ഞു. അതേസമയം മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ല. പക്ഷേ ചിലരുടെ മേധാവിത്വം അനുഭവപ്പെട്ടിട്ടുണ്ട്.

https://youtu.be/ItrdwfmlH-E?si=fnLhwRfx46jFDYg9

കോണ്‍ട്രാക്ട് ഇല്ലാതെ സിനിമ ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ചിലരുടെ ഈഗോ മൂലം സിനിമകള്‍ നഷ്ടപ്പെട്ടുവെന്നും വിന്‍സി വ്യക്തമാക്കി.

അഞ്ച് വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്, തനിക്ക് നേരെ ലൈംഗികാത്രികമങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കരാര്‍ പോലും പല സിനിമകളിലും ഉണ്ടായിട്ടില്ല. അഡ്വാന്‍സ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.

ലൈംഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിന് വേണ്ടി സര്‍ക്കാരുകളും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേള്‍ക്കുന്നത്. ഞാനും എല്ലാവരെയും പോലെ എന്താണ് സത്യാവസ്ഥ എന്നറിയാന്‍ കാത്തിരിക്കുകയാണ്.

ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പറഞ്ഞ് ഒരാള്‍ വരുമ്പോള്‍ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ നമ്മള്‍ തയ്യാറാവണമെന്നും വിന്‍സി പറഞ്ഞു. അതേസമയം പറഞ്ഞ തുക കിട്ടാതിരിക്കുമ്പോള്‍ അത് ചോദിക്കാറുണ്ട്. എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ചോദിക്കുമ്പോള്‍, ഈ സംവിധായകന്റെ സിനിമയാണ്, എല്ലാവരും പൈസയുടെ കാര്യത്തില്‍ സഹകരിക്കണമെന്നാണ് പറയുക.

ഈ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹം കൊണ്ടാണ് എല്ലാവരും വരുന്നത് എന്നൊക്കെയാണ് പറയുന്നത്. നമ്മുടെ ഉള്ളില്‍ വിഷമങ്ങളുണ്ടാവും. ചോദിക്കുന്നത് ശരിയാണോ അല്ലയോ എന്നാണ് ചിന്ത. ഇപ്പോള്‍ എല്ലാവരും ദുരനുഭവങ്ങള്‍ പറയുമ്പോഴാണ് നമ്മളും ആ അനീതിക്ക് കീഴിലാണെന്ന് തിരിച്ചറിയുന്നത്.

പ്രതിഫലത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ നീ വന്നിട്ട് അഞ്ച് ആയിട്ടേയുള്ളൂവെന്നാണ് പറയുക. സിനിമ എന്താണെന്ന് വിന്‍സിക്ക് അറിയില്ല. അത് പഠിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്നൊക്കെ പറയും. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പലതും നടക്കുന്നത്. സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു.

എന്തിന് മാറ്റിനിര്‍ത്തപ്പെട്ടു എന്നറിയില്ല. ഞാന്‍ ഒരു സംഘടനയിലുമില്ല. എല്ലാം പുറത്തുവരട്ടെ. നമ്മള്‍ അവകാശം ചോദിച്ച് വാങ്ങുമ്പോള്‍ ഈഗോ ഹര്‍ട്ട് ആകുന്നുണ്ട്. പിന്നീട് പല കഥകളാണ് നമ്മളെ കുറിച്ച് പറയുന്നത്. അതിലൂടെ സിനിമകള്‍ ഇല്ലാതാകുന്നു. അതാണ് ഞാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നും വിന്‍സി പറഞ്ഞു.