Breaking news
13 Oct 2024, Sun

കേരള ക്രിക്കറ്റ് ലീ​​ഗ്; ട്രിവാൻഡ്രം റോയൽസിനെ തകർത്ത് ആലപ്പി റിപ്പിൾസിന് രണ്ടാം ജയം

കേരള ക്രിക്കറ്റ് ലീഗിൽ രണ്ടാം ജയം സ്വന്തമാക്കി ആലപ്പി റിപ്പിൾസ്. ഇത്തവണ ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിനാണ് ആലപ്പി റിപ്പിൾസ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 51 റൺസ് കൂട്ടിച്ചേർത്തു.

ആലപ്പി സ്കോർ 51ൽ നിൽക്കുമ്പോൾ മുഹമ്മദ് അസ്ഹറുദീന്‍ 28 റൺസുമായി പുറത്തായി. കൃഷ്ണപ്രസാദ് 23 റൺസെടുത്തു. നീൽ സണ്ണി 21 റൺസും വിനൂപ് മനോഹരൻ 20 റൺസും കൂടി സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. അങ്ങനെ, 20 ഓവറില്‍ എട്ടിന് 145 എന്ന നിലയില്‍ ആലപ്പിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. 

അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് വേണ്ടി അഖിന്‍ സത്താറും എം.യു ഹരികൃഷ്ണനും ആലപ്പി റിപ്പിള്‍സിന്റെ രണ്ടു വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മധ്യനിരയിൽ അഖിൽ എം എസും ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതും ചേര്‍ന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ട്രിവാൻഡ്രത്തെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 31 പന്തില്‍ 45 റണ്‍സ് നേടിയ അബ്ദുള്‍ ബാസിതും 36 പന്തിൽ 38 റൺസെടുത്ത അഖിൽ എം എസും പുറത്തായതോടെയാണ് ട്രിവാൻഡ്രത്തിന്റെ വിജയപ്രതീക്ഷകൾ അസ്തമിച്ചത്. ആലപ്പിക്കായി അഖില്‍ ജോസഫും ഫാസില്‍ ഫാനൂസും നാലു വിക്കറ്റ് വീതം സ്വന്തമാക്കി.