Breaking news
13 Oct 2024, Sun

ആ​ഡം​ബ​ര വീ​ട്​ നി​ർ​മാ​ണം: എ.​ഡി.​ജി.​പി അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് വിജിലൻസിൽ പരാതി

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ കവടിയാർ കൊട്ടാരപരിസരത്തെ ആഡംബര വീട് നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസിൽ പരാതി. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. 

കോടികള്‍ മുടക്കിയാണ് കവടിയാറില്‍ വീട് നിര്‍മിക്കുന്നതെന്നും ലക്ഷങ്ങള്‍ വിലവരുന്ന കവടിയാറില്‍ സ്ഥലം വാങ്ങി വീടുവെക്കാന്‍ അജിത് കുമാറിന്‍റെ സാമ്പത്തിക സ്രോതസ് എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വിജിലന്‍സ് ഡയറക്ടര്‍ കൈമാറുന്ന പരാതിയിൽ സര്‍ക്കാറിന്‍റെ അനുമതിയോടെയാണ് അന്വേഷണം നടക്കേണ്ടത്. വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ പരാതിയിൽ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. 

എ.ഡി.ജി.പി എം.ആർ. അജിത് കുമാര്‍ തലസ്ഥാനത്ത് കവടിയാര്‍ കെട്ടാരത്തിനടുത്ത് സ്ഥലം വാങ്ങിയെന്നും അതിൽ 10 സെന്‍റ് സ്വന്തം പേരിലും 12 സെന്‍റ് അദ്ദേഹത്തിന്‍റെ ഭാര്യാ സഹോദരന്‍റെ പേരിലുമാണ് രജിസ്റ്റർ ചെയ്തതെന്നുമാണ് പി.വി. അൻവറിന്‍റെ ആരോപണം. അൻവറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അജിത്കുമാറിന്‍റെ കവടിയാർ കൊട്ടാരപരിസരത്തെ ആഡംബര വീട് നിർമാണം വിവാദത്തിലായത്. 

കവടിയാർ പാലസ് അവന്യൂവിൽ ആദ്യത്തെ പ്ലോട്ടാണ് അജിത് കുമാറിന്‍റേത്. ഗോൾഫ് ലിങ്സിന്റെ മതിലിനോട് ചേർന്നാണ് ഈ ഭൂമി. തലസ്ഥാനത്തെ രാജപാതയായി അറിയപ്പെടുന്ന കവടിയാർ റോഡ് പരിസരത്തോട് ചേർന്ന് സെന്റിന് 60 -70 ലക്ഷത്തോളം രൂപ വില വരുന്ന പ്രദേശത്ത് 7000 സ്ക്വയർഫീറ്റിലാണ് വീട് നിർമിക്കുന്നത്. നാല് മാസമായി കെട്ടിടത്തിന്റെ പൈലിങ് ജോലികളാണ് നടന്നുവരുന്നത്. ഭൂമിക്കടിയിലേത് ഉൾപ്പെടെ മൂന്ന് നിലകളിലായാണ് വീട്. അജിത്കുമാറിന്‍റെ പേര് ഉൾപ്പെടെ രേഖപ്പെടുത്തിയുള്ള പ്ലാൻ ഉൾപ്പെടെ നിർമാണ സ്ഥലത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. 

അണ്ടർഗ്രൗണ്ടിൽ കാർ പാർക്കിങ്ങും കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനുള്ള റൂമുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് മറ്റു നിലകളിലേക്ക് ലിഫ്റ്റ് സംവിധാനവും പ്ലാനിലുണ്ട്. റോഡിൽ നിന്ന് നോക്കിയാൽ രണ്ടു നില വീടായി തോന്നുമെങ്കിലും അണ്ടർഗ്രൗണ്ട് കൂടി പരിഗണിച്ചാൽ മൂന്നു നിലയായിരിക്കും. അണ്ടർ ഗ്രൗണ്ട് മാത്രം 2250 സ്ക്വയർ ഫീറ്റാണ് പ്ലാനിലുള്ളത്. 

തൊട്ടടുത്ത നിലയിൽ രണ്ടു കിടപ്പുമുറികൾ ഉൾപ്പെടെ സൗകര്യങ്ങളാണുള്ളത്. മാസ്റ്റർ ബെഡ്റൂമിൽ നിന്ന് മാത്രം അക്സസ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഓപൺ ടെറസും പ്ലാനിലുണ്ട്. മൂന്നാം നിലയിൽ ഫോർമൽ ലിവിങ് ഏരിയയും ഒരു കിടപ്പുമുറിയുമാണുള്ളത്. കോടികൾ വിലമതിക്കുന്ന ഭൂമി എ.ഡി.ജി.പി റാങ്കിലുള്ളയാൾ വാങ്ങുകയും ആഡംബര വീട് പണിയുകയും ചെയ്യുന്നതിനുള്ള പണത്തിന്‍റെ ഉറവിടവും വിവാദത്തോടൊപ്പം ചർച്ചയാവുകയാണ്. Luxury House Construction: Vigilance Complaint to Investigate ADGP Ajith Kumar’s Financial Source