Breaking news
8 Oct 2024, Tue

‘മുഖ്യമന്ത്രിയുടെ ഗ്രാഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഇടിഞ്ഞു’;കാരണം പൊലീസ്; എം വി ഗോവിന്ദന് പരാതി നല്‍കി പി വി അൻവർ

താന്‍ മുഖ്യമന്ത്രിയോടൊ പാര്‍ട്ടിയോടോ പച്ചക്കൊടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. എന്റെ രീതിയല്ല അത് മാധ്യമങ്ങള്‍ വളച്ചൊടിക്കാനുള്ള ശ്രമം നടത്തുന്നു. വിഷയം സമൂഹത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും കാണണമെന്ന് തന്നെയായിരുന്നു നിലപാടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഗ്രാഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഇടിഞ്ഞു. അതിന് കാരണം പൊലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. പൊലീസ് പാര്‍ട്ടിയെ തളര്‍ത്തിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ത്തിയതും പൊലീസാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ സര്‍ക്കാരിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം. സര്‍ക്കാരിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനാണ് ശ്രമം. പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കരുതെന്ന സംസ്‌കാരം വളര്‍ത്തിയെടുത്തു എഡിജിപി. മന്ത്രിമാരെ പോലും ഗൗനിക്കാത്തവരായി ചില ഉദ്യോഗസ്ഥര്‍ മാറിയെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിക്ക് മുന്നിലും വിശദീകരിച്ചു. പി ശശി പൂര്‍ണ പരാജയമാണ്. പാര്‍ട്ടി പ്രശ്‌നം പഠിക്കട്ടെ. എന്താണ് പി ശശിയുടെ ഉദ്ദേശ്യലക്ഷ്യമെന്ന് പാര്‍ട്ടി പറയട്ടെയെന്നും അന്‍വര്‍ പറഞ്ഞു. 

പൊലീസിന്റെ സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം. സുജിത്ത് ദാസ് ലീവിന് പോയത് കേസ് അട്ടിമറിക്കാന്‍. സ്വര്‍ണം കൊണ്ട് വരുന്ന പലരുമായും ഡാന്‍സാഫ് ടീം ബന്ധപ്പെടുന്നുണ്ട്. രണ്ട് ദിവസമായി തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നു. കൊണ്ടോട്ടിയിലെ കസ്റ്റംസിന്റെ സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ ഉണ്ണിയുമായി പൊലീസിന് ബന്ധം. അവിടെയാണ് പിടികൂടുന്ന സ്വര്‍ണം പൊലീസ് ഉരുക്കുന്നത്. ഉണ്ണി കഴിഞ്ഞ രണ്ടു ദിവസമായി കടയില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നു. അതിന്റെ വീഡിയോ തെളിവുണ്ടെന്നും പുറത്ത് വിടുമെന്നും അന്‍വര്‍ പറഞ്ഞു

പി ജയരാജനുമായി സംസാരിച്ചിട്ടില്ല. പ്രചാരണങ്ങള്‍ തെറ്റാണ്. ജലീലുമായി കണ്ടു, സംസാരിച്ചു. കാരാട്ട് റസാഖുമായി സംസാരിച്ചത് ഇന്നലെ മാത്രം. പ്രസ്താവനകള്‍ വളച്ചൊടിക്കപ്പെടുമെന്ന് റസാഖിനോട് പറഞ്ഞു. റസാഖുമായി കൂടിയാലോചന നടത്തിയിട്ടില്ല. ഒരാളുമായും ഇക്കാര്യം സംസാരിച്ചിട്ടില്ല. കൂടിയാലോചന നടത്തിയെന്ന് കാരാട്ട് റസാഖ് പറഞ്ഞത് തെറ്റാണ്. ധാര്‍മിക ഉത്തരവാദിത്തമാണ് പാര്‍ട്ടിക്കും സമൂഹത്തിനും വേണ്ടി ചെയ്യുന്നത്.

പലരും മുമ്പും പരാതികള്‍ ഉന്നയിക്കാന്‍ ശ്രമിച്ചു. പരാതികള്‍ ഉന്നയിച്ചാല്‍ ചെന്നെത്തുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ മേശപ്പുറത്താണ്. അതിന് പരിഹാരമുണ്ടാകുന്നില്ല. പി ശശിയെ കുരുക്കിലാക്കണമെന്നില്ല. പറഞ്ഞ കാര്യം പരിശോധിക്കുന്നില്ലെങ്കില്‍ ചില കാര്യങ്ങള്‍ കൂടി പറയേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു.

സാമൂഹിക നീതിക്കപ്പുറം പാര്‍ട്ടിക്ക് നില്‍ക്കാന്‍ കഴിയില്ല. പാര്‍ട്ടിക്ക് ഇടപെടാതിരിക്കാന്‍ കഴിയില്ല. ആരെയും കബളിപ്പിക്കാനുള്ള ശേഷി അജിത് കുമാറിനുണ്ട്. അജിത് കുമാറിന്റെ ഇടപെടലിലൂടെ പലര്‍ക്കും പലതും മനസിലാകാതെ പോയി. പൂരം കലക്കിയതിലൂടെ സര്‍ക്കാരിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് എഡിജിപി ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു.

എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്

മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറിയെന്ന് പി വി അൻവർ എംഎൽഎ. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും വ്യക്തമാക്കിയ അൻവ‍ർ വിശ്വസിച്ച് ഏൽപ്പിച്ച ആൾ തന്നെ ചതിക്കുമോയെന്നും ചോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ. ഉയർത്തിയ ആരോപണങ്ങളുമായി പൊതുസമൂഹത്തിന് മുന്നിൽ തന്നെ കാണും. എഡിജിപിയെ മാറ്റണോ എന്ന് സർക്കാർ തീരുമാനിക്കും. അന്തസുള്ള പാർട്ടിക്കും സർക്കാരിനും മുന്നിലാണ് പരാതി നൽകിയത്. നടപടി ക്രമങ്ങൾ പാലിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും. എഡിജിപിയെ മറ്റേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. എലി അത്ര ചെറിയ ജീവി അല്ല. എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. ഈ പാർട്ടിയെ പറ്റി എന്താണ് മനസ്സിലാക്കിയിട്ടുള്ളത്?. അന്തസ്സുള്ള പാർട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്.
എല്ലാത്തിനും അതിന്റേതായ നടപടി ക്രമങ്ങൾ ഉണ്ട്. അതനുസരിച്ച് നീങ്ങും. ജനങ്ങളുടെ വികാരമാണ് താൻ പറഞ്ഞത്. അത് തള്ളിക്കളയുമോ? വിശ്വസിച്ച് ഏൽപ്പിച്ച ആൾ ചതിക്കുമോ?. ഇങ്ങനെ ഒരു വൃത്തികെട്ട പൊലീസ് ഉണ്ടോയെന്നും പി വി അൻവർ ചോദിച്ചു.

പാർട്ടിയ്‌ക്കേ താൻ കീഴടങ്ങൂ. കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട. സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിയ്ക്ക് എതിരായ വിപ്ലവമായി മാറും. സൂചനാ തെളിവുകളാണ് താൻ നൽകിയത്. അന്വേഷണം എങ്ങാട്ടാണ് പോകുന്നത് എന്ന് നോക്കിയിട്ട് ഇടപെടുമെന്നും അൻവ‍ർ കൂട്ടിച്ചേർത്തു. അതേസമയം, പി ശശിക്ക് എതിരെ വീണ്ടും പി വി അൻവ‍ർ വിമർശനമുന്നയിച്ചു. വിശ്വസിച്ചേൽപ്പിച്ചവരാണ് ചതിക്കുന്നത്. ഏൽപിച്ചവർ അല്ല അതിന് ഉത്തരവാദി. തെറ്റായ രീതിയിലാണ് പോകുന്നതെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. എന്തിനാണ് സുജിത് ദാസ് മൂന്ന് ദിവസം അവധിയിൽ പോയതെന്നും അദ്ദേഹം ചോദിച്ചു. 
കൊണ്ടോട്ടിയിലെ ഗോൾഡ് അപ്രൈസർ ഉണ്ണിക്ക് എതിരെയും അൻവ‍ർ ആരോപണം ഉന്നയിച്ചു. ഉണ്ണി സ്വർണം മാറ്റുന്നതിന്റെ വീഡിയോ പുറത്ത് വിടുമെന്ന് പിവി അൻവർ പറഞ്ഞു. 

എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെ ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത് സർക്കാരിന്റെ ഇരട്ടത്താപ്പെന്നാണ് പ്രതിപക്ഷം പറയുന്നത്.