Breaking news
8 Oct 2024, Tue

കടം വീട്ടാനായി വിദേശത്ത് മെക്കാനിക്കായ താരം; ഐശ്വര്യ റായുടെയും മഞ്ജുവാര്യരുടെയും നായകന്‍

1996-ൽ പുറത്തിറങ്ങിയ ‘ കാദൽ ദേശം’ എന്ന ചിത്രത്തിലൂടെ അബ്ബാസ് അഭിനയരംഗത്ത് ശ്രദ്ധേയനായി. മിഡിൽ ഈസ്റ്റ് ഭാവസൗന്ദര്യവും കൗമാരക്കാരുടെ പ്രിയ നടനുമായിരുന്നു ഒരു കാലത്ത് അബ്ബാസ്,

**’ഹേയ് റാം’, ‘പടയപ്പ’, എന്നിവ ഉൾപ്പെടെ നിരവധി തമിഴ് സിനിമകളിൽ, മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. മോഡലിംഗ് രംഗത്തുനിന്നും സിനിമയിൽ പ്രവേശിച്ച അദ്ദേഹം തന്റെ രൂപശോഭയിലൂടെ ആരാധകരെ ആകർഷിച്ചിരുന്നു.

അദ്ദേഹം ഇപ്പോൾ സിനിമയിൽ നിന്ന് അകന്നുനിൽക്കുമ്പോഴും, 90-കളുടെ സിനിമാപ്രേമികളുടെ മനസിൽ തിളങ്ങി നിൽക്കുന്ന താരമാണ്.

ഒരുകാലത്ത് ഏറെ തിരക്കുള്ള നടനായിരുന്നു അബ്ബാസ്. കോളിവുഡിലെ റൊമാന്റിക് ഹീറോ. കാതല്‍ദേശം എന്ന സിനിമയിലൂടെയാണ് അബ്ബാസ് അഭിനയലോകത്തേക്കെത്തുന്നത്. ആ സിനിമയോടെ കോളിവുഡ് ആരാധകരുടെ ഹൃദയസ്പന്ദനമായി മാറി താരം. കാതല്‍ദേശത്തിലെ ‘മുസ്തഫ മുസ്തഫ’ എന്ന പാട്ട് അവരേറ്റുപാടി. 

കൊല്‍ക്കത്തയിലെ ഹൗറയില്‍ ജനിച്ച അബ്ബാസിന്, എയര്‍ഫോഴ്‌സില്‍ പൈലറ്റാവാനായിരുന്നു ആഗ്രഹം. പക്ഷേ, ആ സ്വപ്‌നം നടന്നില്ല. ബാംഗ്ലൂരില്‍ പഠിക്കുമ്പോഴാണ് മോഡലിങ്ങില്‍ താത്പര്യം തോന്നുന്നത്. അതുകഴിഞ്ഞയുടനെയാണ് സംവിധായകന്‍ കതിര്‍ അടുത്ത സിനിമയിലേക്ക് നായകനെ തേടുന്നുവെന്ന പരസ്യം കാണുന്നത്. തന്റെ തമിഴ് സുഹൃത്തുക്കളെയെല്ലാം അബ്ബാസ് ഓഡിഷന് പറഞ്ഞുവിട്ടു. അവസാനം ഒരു സുഹൃത്തിന്റെ നിര്‍ബ്ബന്ധം കാരണം ഓഡിഷനില്‍ പങ്കെടുത്തു. അബ്ബാസിനെ ഇഷ്ടപ്പെട്ട കതിര്‍, സ്‌ക്രീന്‍ ടെസ്റ്റിനായി ക്ഷണിച്ചു. അങ്ങനെയാണ് ‘കാതല്‍ദേശ’ത്തിലേക്ക് അവസരം കിട്ടുന്നത്.

അതിനുശേഷം അബ്ബാസിനെ തേടി അവസരങ്ങളൊരുപാട് എത്തി. ‘കാതല്‍ദേശ’ത്തിന്റെ തെലുഗു പതിപ്പായ ‘പ്രേമദേശ’ത്തിലൂടെ തെലുഗരുടെ മനസ്സിലും കുടിയേറി. അതിനിടയില്‍ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ നായകനായി അബ്ബാസ്.

ഹാര്‍പിക് ടോയ്‌ലറ്റ് ക്ലീനറിന്റെ പരസ്യത്തിലൂടെ ടി.വി.പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായി അബ്ബാസ്. അതിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ നേരിടേണ്ടിവരികയും ചെയ്തു. ഹാര്‍പിക് നടനെന്നുവരെ ആക്ഷേപിച്ചു. പക്ഷേ, അതൊന്നും അബ്ബാസിനെ തെല്ലും ഏശിയില്ല.

അതിനുപിന്നാലെ പടയപ്പ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഹേ റാം, ആനന്ദം, ഡ്രീംസ്…കുറേ ശ്രദ്ധേയമായ സിനിമകളില്‍ തിളങ്ങി. ചുരുങ്ങിയ നാള്‍കൊണ്ടുതന്നെ അബ്ബാസിന്റെ കരിയര്‍ കത്തിക്കയറി. എന്നാല്‍ ആ കയറ്റത്തിനുപിന്നാലെ ഒരു വലിയ തിരിച്ചിറക്കവുമുണ്ടായി. നായകവേഷങ്ങള്‍ അകന്നുതുടങ്ങി, താമസിയാതെ സഹനടന്‍ എന്നതിലേക്ക് തഴയപ്പെട്ടു അബ്ബാസ്. ഒമ്പതുവര്‍ഷത്തിനുശേഷം പെട്ടെന്നൊരുനാള്‍ സിനിമയില്‍നിന്ന് അദ്ദേഹത്തെ കാണാതായി. അക്കാലത്ത് പല അഭ്യൂഹങ്ങളും പരന്നു.

പിന്നീട് എട്ടുവര്‍ഷത്തിനുശേഷം അബ്ബാസ് ചെന്നൈയില്‍ തിരിച്ചെത്തി, സിനിമയില്‍ വീണ്ടും അഭിനയിക്കണമെന്ന മോഹത്തോടെ. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ സിനിമയില്‍നിന്ന് അകന്നതെന്ന് തിരിച്ചുവരവില്‍ അബ്ബാസ് പറഞ്ഞു. പല പടങ്ങളും പരാജയപ്പെട്ടത് ഈ തീരുമാനത്തിന് വേഗം കൂട്ടി.

ഒരഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞതിങ്ങനെ, ”എന്റെ അവശ്യകാര്യങ്ങള്‍ക്കുള്ള പണംപോലും കിട്ടുന്നുണ്ടായിരുന്നില്ല. വാടക കൊടുക്കാനോ സിഗരറ്റ് വാങ്ങാനോ പോലും കഴിയാത്ത അവസ്ഥ. ആദ്യമൊക്കെ അഭിമാനപ്രശ്‌നം കാരണം വേറെ ജോലി നോക്കാനും മടിയായി. കുറച്ചുകാലം കഴിഞ്ഞപ്പോഴേയ്ക്കും സിനിമ എനിക്ക് മടുത്തുതുടങ്ങി. ആസ്വദിക്കാന്‍ കഴിയാതെ വന്നു. അങ്ങനെയാണ് നിര്‍ത്തുന്നത്”. 

സിനിമയിലുള്ളപ്പോള്‍ തന്നെ ബിസിനസിലും ഒരു കൈനോക്കി. പക്ഷേ അത് വന്‍തിരിച്ചടിയായി, അതുവരെയുള്ള സമ്പാദ്യം മുഴുവന്‍ പോയി. അങ്ങനെയാണ് കിട്ടുന്ന റോളുകളെല്ലാം ചെയ്യാന്‍ അബ്ബാസ് തയ്യാറായതത്രേ. കടംവീട്ടാനായി ഫ്‌ളാറ്റും വസ്തുവുമെല്ലാം വിറ്റു.

സിനിമയില്‍നിന്ന് അകന്നതോടെ താമസിയാതെ ന്യൂസിലന്‍ഡിലേക്ക് പോയി. കുടുംബം നോക്കാനായി പല ജോലികളും ചെയ്തു. മെക്കാനിക്കായി, ടാക്‌സി ഡ്രൈവറായി. പെട്രോള്‍ പമ്പിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലും പണിയെടുത്തു. അതിനിടയില്‍ മോട്ടിവേഷണല്‍ സ്പീക്കറായും പ്രവര്‍ത്തിച്ചുതുടങ്ങി. ആത്മഹത്യാചിന്തകളിലൂടെ കടന്നുപോകുന്നവരെ ഓണ്‍ലൈനായും ഓഫ്‌ലൈനായും സഹായിച്ചു അബ്ബാസ്. 

2023-ല്‍ സിനിമയെന്ന സ്വപ്‌നവുമായി വീണ്ടും മടങ്ങിവന്നിരുന്നു. സിനിമാമോഹവുമായി തമിഴ് ബിഗ് ബോസ് പോലുള്ള ഷോകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പക്ഷേ സിനിമയിലേക്കുള്ള ഓഫറുകളൊന്നും ലഭിച്ചില്ല.