24 രണ്ടാമത്; റിപ്പോര്‍ട്ടറിന് മൂന്നാം സ്ഥാനം; ജനം കുതിപ്പില്‍
കേരളത്തിലെ വാർത്താ ചാനല്‍ റേറ്റിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. മലയാള ന്യൂസ് റേറ്റംഗില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. 24 ന്യൂസിനെ പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ചാനല്‍ റേറ്റിംഗില്‍ ഒന്നാമത് എത്തി. ഷിരൂരിലേയും വയനാട്ടിലേയും റിപ്പോര്‍ട്ടിംഗ് മികവിലാണ് 24 ന്യൂസ് മുന്നിലേക്ക് പോയത്.
ബാർക് റേറ്റിങ്ങിൽ തുടര്‍ച്ചയായി നാല് ആഴ്ചകളില്‍ 24 ന്യൂസിന് പിന്നിലായിരുന്നു ഏഷ്യാനെറ്റ്. ഓഗസ്റ്റ് 24 മുതൽ 30 വരെയുള്ള ആഴ്ചയിലെ പുതിയ റേറ്റിങ്ങിലാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തിരിച്ച പിടിച്ചത്. ഓഗസ്റ്റ് 24 മുതൽ 30 വരെയുന്ന 35 ആം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങില്‍ 109 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്. 101 പോയൻറ് നേടിയ 24 ന്യൂസാണ് രണ്ടാംസ്ഥാനത്തുളളത്. 93 പോയിന്റുമായി റിപ്പോര്‍ട്ടര്‍ തന്നെയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. മനോരമ, മാതൃഭൂമി എന്നീ ചാനലുകളാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍. പട്ടികയില്‍ അവസാന സ്ഥാനത്ത് മീഡിയാ വണ്‍ ചാനലാണ്.
അന്‍വറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പോലീസിനുള്ളിലെ വാര്‍ത്തകളും അതിവേഗം എത്തിയത് ഏഷ്യാനെറ്റ് ന്യൂസിലാണ്. തിരുവനന്തപുരം ബ്യൂറോയിലെ അരുണ്‍കുമാര്‍ പ്രത്യേക മികവാണ് ഇതില്‍ കാട്ടിയത്. അതുകൊണ്ട് തന്നെ പോലീസ് വാര്‍ത്തകള്‍ മറ്റ് പല ചാനലുകള്‍ക്കും ഏഷ്യാനെറ്റ് ന്യൂസിനെ പിന്തുടരേണ്ടിയും വന്നു. ഇത്തരം പോലീസ് സ്‌റ്റോറികള്‍ക്കൊപ്പം വിനു വി ജോണിന്റെ പകല്‍-രാത്രി ചര്‍ച്ചകളും സിന്ധു സൂര്യകുമാറിന്റെ സിനിമാ മേഖലയില്‍ നിന്നുള്ള പ്രത്യേക അഭിമുഖങ്ങളും ഏഷ്യാനെറ്റ് ന്യൂസിന്റെ കരുത്ത് കൂട്ടി. മോഹന്‍ലാലിന്റേയും നിശബ്ദയും മറ്റും അതിശക്തമായി ചോദ്യം ചെയ്തതും ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റത്തിന് കാരണമായി മാറി. ഏഷ്യാനെറ്റ് ന്യൂസിനെ പ്രത്യേക രാഷ്ട്രീയത്തിന്റെ ഭാഗമായി ഒതുക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞു വീണത്.
ഓണക്കാലത്ത് ജനങ്ങളിലേക്ക് അടുക്കാന്‍ പലതും ഏഷ്യാനെറ്റ് ന്യൂസ് ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വര്‍ടൈസിംഗും സംയുക്തമായി നടത്തുന്ന ഓണക്കൂട്ടായ്മ 2024 സെപ്തംബര്‍ 13 മുതല്‍ 22 വരെ തിരുവനന്തപുരം കനകക്കുന്നില് നടക്കുന്നുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി പത്ത് ദിവസത്തോളം നീളുന്ന വിപുലമായ പരിപാടികളാണ് കനകക്കുന്നില്‍ നടക്കുക. ഓണാക്കൂട്ടായ്മയുടെ ഭാഗമായി അമ്യുസ്‌മെന്റ് പാര്‍ക്ക്, ഗെയിം സോണ്‍, പെറ്റ്സ് പാര്‍ക്ക്, സ്റ്റേജ് ഷോസ്, ട്രേഡ് ഫെയര്‍, ഫുഡ് ഫെസ്റ്റ് തുടങ്ങിയവയും കനകകുന്നില്‍ നടക്കും. വിവിധ കലാമത്സരങ്ങളും ബാന്‍ഡുകളെ ഉള്‍കൊള്ളിച്ചുള്ള മ്യൂസിക്കല്‍ നൈറ്റ്‌സും ഡാന്‍സ് പ്രേമികള്‍ക്കായുള്ള കൊറിയോ നൈറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. ഇതെല്ലാം റേറ്റിംഗിലെ മുന്‍തൂക്കം തുടരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
തുടർച്ചയായ നാല് ആഴ്ചകളായി 24 ന്യൂസായിരുന്നു ഒന്നാം സ്ഥാനത്ത്. ഒരു ഘട്ടത്തില്‍ റിപ്പോര്‍ട്ടറിന് പിന്നില്‍ മൂന്നാം സ്ഥാനത്തേക്കും ഏഷ്യാനെറ്റ് വീണിരുന്നു. അവിടെ നിന്നാണ് ഏഷ്യാനെറ്റ് കുതിച്ച് കയറിയിരിക്കുന്നത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർ ആരോപണങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞിട്ടും കഴിഞ്ഞ ആഴ്ചയിൽ വാര്‍ത്താ ചാനലുകളുടെ പൊതുവെയുള്ള റേറ്റിങില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഇതുതന്നെയാണ് അവസ്ഥ. വാർത്താ ചാനലുകളുടെ കാഴ്ചക്കാർ കുറയുന്ന പ്രവണത കൂടിയാണ് കുറയുന്ന റേറ്റിങ്ങുകൾ സൂചിപ്പിക്കുന്നത്.