Breaking news
8 Oct 2024, Tue

ഇനി പോലീസിനെ പേടി വേണ്ട; അൻവർ എംഎൽഎക്ക് യൂത്ത് ലീഗ് തോക്ക് അയച്ചു നൽകി

പൂക്കോട്ടുംപാടത്തെ യൂത്ത് ലീഗുകാർ അങ്ങനാണ്…

പിണറായി പോലീസിനോട് ഏറ്റുമുട്ടി തോൽവി വരിച്ച പിവി അൻവർ എംഎൽഎക്ക് യൂത്ത് ലീഗ് കളിത്തോക്ക് അയച്ച് നൽകി. നിലമ്പൂർ എംഎൽഎ പി വി അൻവറിന് കേരള പോലീസിൽ നിന്നും ജീവന് ഭീഷണി നേരിടുന്നു എന്ന് പരാതി പറഞ്ഞിട്ടും കേരള സർക്കാരും മലപ്പുറം ജില്ലാ കലക്ടറും അദ്ദേഹത്തിന് തോക്ക് അനുവദിക്കാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് കളിത്തോക്ക് അയച്ച് നൽകാൻ തീരുമാനിച്ചത്.

മലപ്പുറത്ത് പത്രസമ്മേളനം നടത്തി അൻവർ എംഎൽഎ പറഞ്ഞ പോലീസിനെതിരെയുള്ള മുഴുവൻ ആരോപണങ്ങളും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ടതോട് കൂടി മാറിയിട്ടുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയെ കാണാൻ പോയതല്ല എന്നും അദ്ദേഹത്തെ വെടിനിർത്തൽ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിളിപ്പിച്ചതാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

നിലവിൽ കേരളത്തിൽ ഉയർന്നു വന്ന സാഹചര്യത്തിൽ മറ്റു ഉദ്യോഗസ്ഥർക്കോ പൊതുജനങ്ങൾക്കോ ജീവന് ഭീഷണിയുണ്ടെങ്കിൽ അവർക്കും കളിത്തോക്ക് അയച്ച് നൽകാൻ യൂത്ത് ലീഗ് തയ്യാറാണെന്നും അമരമ്പലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് എം ബിഷർ പറഞ്ഞു. യൂത്ത് ലീഗ് ഭാരവാഹികളായ ഷഫീദ് തട്ടിയേക്കൽ, നൗഷാദ് ടിപി, ഫവാസ് ചുള്ളിയോട്, സഫ്‌വാൻ ഇകെ, ഷബിൻ ഷാൻ തുടങ്ങിയവർ സംബന്ധിച്ചു.