Breaking news
8 Oct 2024, Tue

ഹൊസബാളെയെ കാണാന്‍ കൂട്ടുകാരന്റെ കാറില്‍ തൃശൂരില്‍ പോയി; അത് വെറും സ്വകാര്യ കൂടിക്കാഴ്ച; ആര്‍ എസ് എസ് നേതാവിനെ എഡിജിപി കണ്ടതില്‍ സ്ഥിരീകരണം

ആര്‍എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം.ആര്‍.അജിത്കുമാര്‍ അവിടെയെന്നതിന് സ്ഥിരീകരണം. ഇക്കാര്യം അടുത്തദിവസം തന്നെ കേരള പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയെ ഇക്കാര്യം അജിത് കുമാര്‍ രേഖാമൂലം അറിയിച്ചു. സ്വകാര്യ സന്ദര്‍ശനമായിരുന്നു ഇതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം. ഇതോടെ തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിന് പുതിയ മാനം വരും.

ആര്‍എസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എഡിജിപി എത്തിയതെന്നും തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹോട്ടലില്‍ ആരെ കണ്ടെന്നു കണ്ടെത്താനായില്ല. ആറ്റുകാല്‍ സ്വദേശിയാണ് അജിത് കുമാര്‍. തൊട്ടടുത്ത് കൈമനത്താണ് വിജ്ഞാന്‍ ഭാരതിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ജയകുമാറിന്റെ വീട്. തനിക്കൊപ്പം പഠിച്ച ആളുമായാണ് ആര്‍ എസ് എസ് നേതാവിനെ കണ്ടതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാല്‍ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാല്‍ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാല്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ഹോട്ടലിനു മുന്‍പിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് ഉന്നതര്‍ പറയുന്നു.

തൃശൂര്‍ പൂരം കലക്കാനായിരുന്നു കൂടിയാലോചനയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതും പോലീസ് മേധാവിയുടെ നേതൃത്വത്തിലെ സംഘം അന്വേഷിക്കും.  സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥര്‍ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജന്‍സ് മേധാവിക്കും സര്‍ക്കാരിനും ലഭിച്ചിരുന്നു. റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പെടാത്തതിനാല്‍ പുറത്തേക്കു വരില്ല. എഡിജിപി എം.ആര്‍.അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണു വെളിപ്പെടുത്തിയത്. ഇക്കാര്യം ആഭ്യന്തരവകുപ്പ് ഇതുവരെ നിഷേധിച്ചിട്ടില്ല. നിഷേധിച്ചാല്‍ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്ചയില്‍ സ്ഥിരീകരണം വരുന്നത്. അതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ച പ്രതിപക്ഷം വലിയ ആയുധമാക്കും.